ന്യൂഡൽഹി: ലുധിയാനയിൽ ദാരിദ്ര്യവും ജീവിതത്തിൽ ഉണ്ടായിരുന്ന അസന്തോഷവും കാരണം ദമ്പതികൾ ജീവനൊടുക്കിയതായി ആത്മഹത്യാക്കുറിപ്പ്. പമാൽ ഗ്രാമത്തിൽ താമസിച്ചിരുന്ന 55 വയസ്സുകാരൻ ഗുർമീത് സിങ്ങും ഭാര്യ നരീന്ദർ കൗറും ആണ് മരിച്ചത്.
ബുധനാഴ്ച പുലർച്ചെയാണ് ഇരുവരെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് പേജുള്ള ആത്മഹത്യാക്കുറിപ്പിൽ, സ്വന്തം ഇഷ്ടപ്രകാരം കടുത്ത തീരുമാനമെടുക്കുകയാണെന്നും ജീവിതത്തിൽ സന്തോഷമില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു. മക്കളെ പൊലീസ് ഉപദ്രവിക്കരുതെന്നും കത്തിൽ അഭ്യർത്ഥിച്ചിട്ടുണ്ട്. “ദാരിദ്ര്യത്തിൽ ജനിച്ചു, ദാരിദ്ര്യത്തിൽ മരിക്കുന്നു” എന്ന വാക്കുകളും കുറിപ്പിലുണ്ടെന്ന് പോലീസ് അറിയിച്ചു.
ദമ്പതികളുടെ രണ്ട് മക്കൾ കാനഡയിൽ സ്ഥിരതാമസക്കാരാണ്. മറ്റൊരു മകൻ ലുധിയാനയിലെ ആശുപത്രിയിൽ ജോലി ചെയ്യുകയാണ്. മരിച്ച ദമ്പതികൾ ഇയാളോടൊപ്പമാണ് താമസിച്ചിരുന്നത്. പുലർച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയെത്തിയ മകനാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
കുടുംബം രണ്ട് മക്കളെ കാനഡയിലേക്ക് അയയ്ക്കാൻ ഭൂമി വിറ്റതും പിന്നീട് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായതും പ്രദേശവാസികൾ പറയുന്നു. ഭാര്യ നരീന്ദർ കൗർ വിഷാദരോഗ ബാധിതയായിരുന്നുെന്നും ചികിത്സയ്ക്കായി വലിയ തുക ചെലവഴിച്ചിരുന്നുവെന്നും അയൽവാസികൾ പറയുന്നു.
അതേസമയം, കുടുംബബന്ധങ്ങൾ നല്ല നിലയിലായിരുന്നുവെന്നും മക്കൾ മാതാപിതാക്കളെ ഉപദ്രവിച്ചിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.






