തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ, പ്രമുഖ പിഎസ്‌സി കോച്ചിംഗ് സെന്ററിന്റെ യൂട്യൂബ് വീഡിയോ വിവാദത്തിൽ. ‘ഉദ്യോഗാർഥികൾ പറഞ്ഞു, കടക്ക് പുറത്ത്’ എന്ന തലക്കെട്ടിൽ അധ്യാപകൻ മൻസൂർ അലി കാപ്പുങ്ങൽ അവതരിപ്പിച്ച വീഡിയോയാണ് വലിയ വിമർശനങ്ങൾക്ക് പിന്നാലെ പിൻവലിച്ചത്.
വീഡിയോയ്ക്ക് പിന്നാലെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് രംഗത്തെത്തി കടുത്ത പ്രതികരണം രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആവേശത്തിൽ ചില കോച്ചിംഗ് സെന്ററുകൾ രാഷ്ട്രീയ പ്രചാരണം നടത്തുകയാണെന്ന് ആരോപിച്ച അദ്ദേഹം, പിഎസ്‌സിയെയും സർക്കാർ നിയമന പ്രക്രിയയെയും കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള നിലപാടുകളാണ് ചിലർ സ്വീകരിക്കുന്നതെന്ന് കുറ്റപ്പെടുത്തി.
കേരളത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ മൂന്ന് ലക്ഷത്തിലേറെ നിയമന ശുപാർശകൾ പിഎസ്‌സി വഴി നടന്നതാണെന്നും, കോവിഡ്, പ്രളയം, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വെല്ലുവിളികൾക്കിടയിലും വലിയ തോതിൽ നിയമനങ്ങൾ തുടർന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ മറ്റ് പിഎസ്‌സികളുമായി താരതമ്യപ്പെടുത്തുമ്പോൾ കേരള പിഎസ്‌സിയുടെ നിയമനനിരക്ക് ഉയർന്നതാണെന്നും അദ്ദേഹം പറഞ്ഞു.
റാങ്ക് ലിസ്റ്റ് നിയമനങ്ങളും സർക്കാർ സർവീസിലെ തൊഴിൽ അവസരങ്ങളും വർധിപ്പിക്കുന്നതിൽ സർക്കാർ സ്വീകരിച്ച നിലപാട് യുവജനപക്ഷമാണെന്ന് സനോജ് അവകാശപ്പെട്ടു. ചില കോച്ചിംഗ് സ്ഥാപനങ്ങൾ രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തി യുവാക്കളെ തെറ്റിദ്ധരിപ്പിക്കുന്നതായി വിമർശിച്ച അദ്ദേഹം, കോച്ചിംഗ് വ്യവസായം വളർന്നത് സർക്കാർ നിയമന പ്രക്രിയ സജീവമായതിനാലാണെന്നും അഭിപ്രായപ്പെട്ടു.
അവസാനം, യുവാക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവണതകൾക്ക് കാലം മറുപടി പറയുമെന്ന് മുന്നറിയിപ്പും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ നൽകി.






