പച്ചക്കറികള്‍ കഴുകിയിട്ട് തന്നെയാണ് നമ്മള്‍ ഉപയോഗിക്കുക. എന്നാല്‍ വെറും വെള്ളത്തില്‍ കഴുകിയിട്ട് കാര്യമില്ല. അവയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കീടനാശിനികളോ അണുക്കളോ നീക്കം ചെയ്യപ്പെടണമെന്നില്ല. മിക്ക പച്ചക്കറികളും കീടനാശിനിയും കൃഷിയിടത്തില്‍ നിന്നുള്ള അഴുക്കും സൂക്ഷ്മാണുക്കളും കൊണ്ടാണ് അടുക്കളയില്‍ എത്തുക. അത് മറികടക്കാനുള്ള ഏറ്റവും എളുപ്പവും ഫലപ്രദവുമായ മാര്‍ഗം പച്ചക്കറികള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് ഉപ്പുവെള്ളത്തില്‍ കുതിര്‍ക്കുക എന്നതാണ്.
ഉപ്പ് വെള്ളത്തില്‍ കലര്‍ത്തുമ്പോള്‍ ഒരു നേരിയ ഹൈപ്പര്‍ടോണിക് ലായനി ആയി മാറുന്നു. ഇത് പച്ചക്കറികളുടെ മുകളിലുണ്ടാകുന്ന മാലിന്യങ്ങള്‍, ചെറിയ പ്രാണികള്‍, ചില കീടനാശിനി എന്നിവ കളയും. പ്രത്യേകിച്ച് കാബേജ്, കോളിഫ്‌ലവര്‍, ചീര തുടങ്ങിയ ഇലക്കറികളിലോ പാളികളായോ ഉള്ള പച്ചക്കറികളിലോ ഇത് ചെയ്യണം.
പച്ചക്കറികള്‍ ഉപ്പ് ലായനിയില്‍ ഏകദേശം 10-15 മിനിറ്റ് മുക്കിവയ്ക്കുക. പിന്നീട് എടുത്ത ശേഷം റണ്ണിങ് വാട്ടറില്‍ നന്നായി വീണ്ടും കഴുകിയെടുക്കാം.




