തിരുവനന്തപുരം: കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പാക്കുന്നതിന് മുന്നോടിയായി യാത്രക്കാരുടെ കണക്കെടുപ്പ് ആരംഭിച്ചു. ഇതിന്റെ ഭാഗമായി ടിക്കറ്റുകളിൽ യാത്രക്കാരുടെ ലിംഗം രേഖപ്പെടുത്തുന്ന സംവിധാനം നടപ്പാക്കി. ടിക്കറ്റ് അടിക്കുന്ന ഇലക്ട്രോണിക് മെഷീനിൽ യാത്രക്കാരൻ പുരുഷനാണോ സ്ത്രീയാണോ എന്ന് കണ്ടക്ടർമാർ പ്രത്യേകം രേഖപ്പെടുത്തണം. പ്രതിദിനം എത്ര സ്ത്രീകൾ കെഎസ്ആർടിസി ബസ്സുകളിൽ യാത്ര ചെയ്യുന്നു എന്ന കൃത്യമായ കണക്ക് ലഭിക്കാനാണ് ഈ നടപടി.
കോൺഗ്രസ് പ്രഖ്യാപിച്ച അഞ്ച് ഗ്യാരണ്ടികളിൽ ഒന്നായാണ് കെഎസ്ആർടിസി സൗജന്യ യാത്ര പദ്ധതി ഉൾപ്പെട്ടിരിക്കുന്നത്. യു.ഡി.എഫ് സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ട്. നിലവിൽ ദിവസവും ഏകദേശം 23.5 ലക്ഷം പേർ കെഎസ്ആർടിസിയിൽ യാത്ര ചെയ്യുന്നുവെന്നാണ് കണക്ക്. ഇതിൽ ഏകദേശം 45 ശതമാനം പേർ സ്ത്രീകളാണ്. കൃത്യമായ കണക്കെടുപ്പ് പൂർത്തിയാകുമ്പോഴാണ് പദ്ധതിക്ക് എത്ര ചെലവ് വരുമെന്ന് തീരുമാനിക്കാനാകുക.
ഓർഡിനറി, സൂപ്പർഫാസ്റ്റ് ഉൾപ്പെടെയുള്ള സർവീസുകളിൽ പദ്ധതി നടപ്പാക്കാൻ മാസത്തിൽ ഏകദേശം 90 കോടി രൂപ ചെലവ് വരുമെന്നാണ് പ്രാഥമിക കണക്കുകൂട്ടൽ. കെഎസ്ആർടിസിക്ക് ഈ അധികഭാരം താങ്ങാനാകുമോ എന്ന ചർച്ചകളും ഉയരുന്നുണ്ട്. എങ്കിലും പദ്ധതി വേഗത്തിൽ നടപ്പാക്കണമെന്നാണ് സ്ത്രീ യാത്രക്കാരുടെ ആവശ്യം. ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.






