മലപ്പുറം: നിലമ്പൂരിലെ രാമംകുത്തിൽ വീടിന്റെ തൂൺ ഇടിഞ്ഞുവീണ് ആറുവയസുകാരൻ മരിച്ചു. രാമംകുത്ത് പാറേങ്ങൽ മൊയ്തുവിന്റെ മകൻ സിഫ്രാൻ ആണ് മരിച്ചത്. സിഫ്രാന്റെ വീടിന് സമീപമുള്ള ബന്ധുവീട്ടിൽ വെച്ചാണ് അപകടം ഉണ്ടായത്. ടെറസിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്. തുണി ഉണക്കാനായി നിർമ്മിച്ച താൽക്കാലിക അരഫില്ലറിലെ വെട്ടുകല്ലുകൾ കുട്ടിയുടെ തലയിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു.
കുട്ടികളുടെ നിലവിളി കേട്ട് എത്തിയ വീട്ടുകാർ ഉടൻ സിഫ്രാനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളിയാഴ്ചയായിരുന്നു സിഫ്രാന്റെ ജന്മദിനം. ഷീഹ ആണ് മാതാവ്. റാഷിൻ, റഷ ഫാത്തിമ, സായാൻ എന്നിവർ സഹോദരങ്ങളാണ്.






