എറണാകുളം: പരാതി നൽകാനായി പോലീസ് സ്റ്റേഷനിലെത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. എളമക്കര പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ മുജീബ് റഹ്‌മാനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
പരാതി നൽകാനെത്തിയ യുവതിയോട് ഇയാൾ മോശമായി പെരുമാറുകയും വശീകരിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. ആവശ്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ലഹരിക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിച്ചു. സംഭവത്തിന് പിന്നാലെ മുജീബ് റഹ്മാൻ ഒളിവിൽ പോയതായി പോലീസ് അറിയിച്ചു. ഇയാളെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.






