കൊച്ചി: ഹാട്രിക് ജയം ലക്ഷ്യമിട്ട് ഹോം ഗ്രൗണ്ടിൽ തിളങ്ങാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് മുഹമ്മദന്‍ എഫ്‌സിക്കെതിരെ. ഇതുവരെ ഒരു മത്സവും ജയിച്ചിട്ടില്ലാത്ത ടീമാണ് മുഹമ്മദന്‍ എഫ്‌സി. തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്നെല്ലാം കരകയറിയെത്തിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്. നിലവില്‍ 11 കളിയില്‍നിന്ന് മൂന്നുജയത്തോടെ 11 പോയിന്റുമായി എട്ടാം സ്ഥാനത്താണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കിരീട പ്രതീക്ഷയില്ലാത്തതിനാല്‍ ഇനി സ്ഥാനക്കയറ്റമാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആകെയുള്ള ലക്ഷ്യം.
അവസാന രണ്ടുമത്സരങ്ങളില്‍ ജംഷേദ്പുര്‍ എഫ്‌സിയെയും ഒഡിഷ എഫ്‌സിയെയുമാണ് തോല്‍പ്പിച്ചതിന്റെ കരുത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. ഡേവിഡ് കറ്റാലയ്ക്ക് കീഴില്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് തുടര്‍ച്ചയായ തോല്‍വികള്‍ക്കുപിന്നാലെ സീസണില്‍ തരംതാഴ്ത്തല്‍ ഭീഷണി നേരിട്ടിരുന്നു. ഇതോടെ പുതിയ കോച്ചിനെ നിയമിച്ചു. ആഷ്‌ലി വുഡ് വന്നതിന് ശേഷം ടീമിന്റെ കളിശൈലിയില്‍ ചെറിയ മാറ്റങ്ങളും കൊണ്ടുവന്നു. ബ്ലാസ്റ്റേഴ്‌സിന്റെ തുടര്‍ത്തോല്‍വികളില്‍ മനംമടുത്ത കാണികള്‍ കൊച്ചിയിലെ ഗാലറി ഉപേക്ഷിച്ചിരുന്നു. ഇന്നത്തെ ഹോം മല്സരത്തിലെങ്കിലും മഞ്ഞപ്പട തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ്.






