തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ജോസഫ് വിജയ്ക്ക് അഭിനന്ദനവുമായി സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ. ജനങ്ങൾ ജനാധിപത്യ സംവിധാനത്തിലൂടെ നൽകുന്ന വിധി വലിയ ഉത്തരവാദിത്വമാണെന്നും തമിഴ്നാട്ടിലെ ജനങ്ങൾ വിജയിൽ അർപ്പിച്ച വിശ്വാസം സാമൂഹ്യനീതി, മതനിരപേക്ഷത, ജനക്ഷേമം എന്നിവ ഉയർത്തിപ്പിടിക്കുന്ന ഭരണമായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കേരളവും തമിഴ്നാടും ദീർഘകാല സൗഹൃദവും സഹകരണവും പങ്കിടുന്ന സംസ്ഥാനങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയ പിണറായി വിജയൻ, ഫെഡറൽ സംവിധാനവും മതനിരപേക്ഷതയും ശക്തിപ്പെടുത്താൻ ഇരു സംസ്ഥാനങ്ങൾക്കും ഒരുമിച്ച് പ്രവർത്തിക്കാനാകുമെന്ന് ആശംസാ സന്ദേശത്തിൽ വ്യക്തമാക്കി.
ഞായറാഴ്ച രാവിലെ ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലായിരുന്നു വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. തമിഴ്നാടിന്റെ അധിക ചുമതലയുള്ള കേരള ഗവർണർ രാജേന്ദ്ര അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. വിജയ്ക്കൊപ്പം ഒമ്പതംഗ മന്ത്രിസഭയും അധികാരമേറ്റു.
സത്യപ്രതിജ്ഞ ചടങ്ങിൽ സിനിമാരംഗത്തെയും രാഷ്ട്രീയരംഗത്തെയും പ്രമുഖർ പങ്കെടുത്തു. തമിഴ്നാട്ടിലുടനീളം വിജയ് ആരാധകർ ആഘോഷത്തിലായിരുന്നു. ശനിയാഴ്ച വൈകുന്നേരം വിജയ് രാജ്ഭവനിലെത്തി ഗവർണർ രാജേന്ദ്ര അർലേക്കറിന് 120 എംഎൽഎമാരുടെ പിന്തുണക്കത്തുകൾ സമർപ്പിക്കുകയും സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കുകയും ചെയ്തിരുന്നു.
തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെയെ പിന്തുണയ്ക്കാൻ ഡിഎംകെ സഖ്യകക്ഷികൾ തീരുമാനിച്ചതോടെയാണ് സർക്കാർ രൂപീകരണത്തിലെ അനിശ്ചിതത്വങ്ങൾക്ക് വിരാമമായത്. സിപിഐഎം, സിപിഐ, മുസ്ലിംലീഗ്, വിടുതലൈ ചിരുത്തൈകൾ കക്ഷി, കോൺഗ്രസ് തുടങ്ങിയ പാർട്ടികളാണ് വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്.






