കോഴിക്കോട്: എംഡിഎംഎ വാങ്ങാൻ പണം നൽകിയിട്ടും ലഹരിമരുന്ന് ലഭിക്കാത്തതിനെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി തടവിലാക്കിയ സംഘത്തെ താമരശ്ശേരി പൊലീസ് പിടികൂടി. തടവിലാക്കിയ വയനാട് സ്വദേശി സാജിദിനെ പൊലീസ് മോചിപ്പിച്ചു.
ബെംഗളൂരുവിൽ ട്രാവൽ ഏജൻസി നടത്തുന്നയാളാണ് സാജിദ്. സംഭവത്തിൽ താമരശ്ശേരി കളരാന്തിരി സ്വദേശി ശിഹാബ് (40), വാവാട് സ്വദേശി അശ്വിൻ (25) എന്നിവരാണ് അറസ്റ്റിലായത്. ഓമശ്ശേരിയിലായിരുന്നു സംഭവം.
പ്രതികൾ ഉൾപ്പെട്ട ലഹരിസംഘം എംഡിഎംഎ വാങ്ങുന്നതിനായി ബെംഗളൂരുവിലെത്തിയതും സാജിദ് മുഖേന ലഹരിവിൽപ്പനക്കാരുമായി ബന്ധപ്പെടുകയും ചെയ്തതായാണ് വിവരം.
സംഘം 1.5 ലക്ഷം രൂപ സാജിദിന്റെ മുറിയിൽവെച്ച് ഇയാളുടെ സുഹൃത്തിന് കൈമാറിയെങ്കിലും ലഹരിമരുന്ന് ലഭിച്ചില്ല. തുടർന്ന് സാജിദിനെ തന്ത്രപൂർവം കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തി തടവിലാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഓമശ്ശേരി മുടൂരിലെ ശിഹാബിന്റെ വാടകവീട്ടിലായിരുന്നു സാജിദിനെ പാർപ്പിച്ചിരുന്നത്. പണമോ എംഡിഎംഎയോ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ഇയാളെ മർദിക്കുകയും ഭക്ഷണം നിഷേധിക്കുകയും ചെയ്തതായും പൊലീസ് വ്യക്തമാക്കി.
ഒരു വീട്ടിൽ ആളെ പൂട്ടിയിട്ടിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് താമരശ്ശേരി ഡിവൈഎസ്പിയുടെ നിർദേശപ്രകാരം ഡാൻസാഫ് സംഘവും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് സാജിദിനെ രക്ഷപ്പെടുത്തിയത്.
അറസ്റ്റിലായ ശിഹാബിനെ കഴിഞ്ഞ വർഷം എംഡിഎംഎ കേസിൽ വയനാട് പൊലീസ് പിടികൂടിയിരുന്നു. ഇയാളുടെ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. സാജിദിന്റെ പരാതിയിൽ പ്രതികൾക്കെതിരെ വധശ്രമം, തട്ടിക്കൊണ്ടുപോകൽ, മർദനം തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.






