കണ്ണൂർ: ചെറുകുന്നിൽ വന്ദേഭാരത് തീവണ്ടി തട്ടി പത്താം ക്ലാസ് വിദ്യാർഥി മരിച്ച സംഭവം നാടിനെ ദുഃഖത്തിലാഴ്ത്തി. കട്ടക്കുളത്തെ ഫെലിൻ ഫ്രെഡറിക് (16) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 10.50ഓടെയാണ് അപകടം നടന്നത്.
അമ്മയുടെ വീടായ ചിടങ്ങീലിന് സമീപം ഒരു ക്ലബ്ബിന്റെ വാർഷികത്തോടനുബന്ധിച്ച് നടന്ന കലാപരിപാടി കാണാനെത്തിയതായിരുന്നു ഫെലിൻ. പരിപാടിക്കിടെ കൂട്ടുകാരോടൊപ്പം ചായ കുടിക്കാനായി റെയിൽപ്പാളം മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് കൂടെയുണ്ടായിരുന്നവർ പറഞ്ഞു. മംഗളൂരുവിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസാണ് വിദ്യാർഥിയെ ഇടിച്ചത്.
അപകടത്തിൽ ഫെലിൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. തീവണ്ടി വരുന്നതിന്റെ ശബ്ദം കേൾക്കാനായില്ലെന്നാണ് കൂട്ടുകാർ പൊലീസിനോട് പറഞ്ഞത്. അപകടത്തിന് പിന്നാലെ ഭയന്നുപോയ കൂട്ടുകാർ ഉടൻ ആരെയും വിവരം അറിയിച്ചില്ല. പിന്നീട് ഫെലിനെ കാണാതായതോടെ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് കണ്ണപുരം പൊലീസും നാട്ടുകാരും സ്ഥലത്തെത്തി മൃതദേഹം കണ്ടെത്തി. ശരീരം ചിന്നിച്ചിതറിയ നിലയിലായിരുന്നുവെന്നും ശരീരാവശിഷ്ടങ്ങൾ ശേഖരിച്ച് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റിയതെന്നും പൊലീസ് അറിയിച്ചു. ഞായറാഴ്ച രാവിലെയോടെ തല ഉൾപ്പെടെയുള്ള മറ്റ് ശരീരഭാഗങ്ങളും കണ്ടെത്തി.
ചെറുകുന്ന് ഗവ. വെൽഫെയർ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു ഫെലിൻ. അച്ഛൻ കെ.എഫ്. അനീഷ്, അമ്മ ടി. ഷീജ. സഹോദരൻ ഫാബിയ.
ഞായറാഴ്ച വൈകീട്ടോടെ മൃതദേഹം കട്ടക്കുളത്തെ വീട്ടിലെത്തിച്ചു. അവസാനമായി ഒരുനോക്ക് കാണാൻ നൂറുകണക്കിന് ആളുകളാണ് എത്തിയത്. പൊതുദർശനത്തിന് ശേഷം കട്ടക്കുളം സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ സംസ്കാരം നടത്തി.






