മലപ്പുറം: തിരഞ്ഞെടുപ്പ് തിരക്കുകൾ അവസാനിച്ചതോടെ ഇനി പുതിയ ഭരണ സംവിധാനത്തെക്കുറിച്ചുള്ള ചർച്ചകളാണ് സജീവമാകുന്നത്. മലപ്പുറം ജില്ലയെ സംബന്ധിച്ചിടത്തോളം പ്രധാന വിഷയമായി വീണ്ടും ഉയരുന്നത് ജില്ല വിഭജിക്കണമെന്ന ആവശ്യമാണ്.
വിസ്തൃതിയും ഉയർന്ന ജനസംഖ്യയും കാരണം ജില്ലയിൽ ഭരണ-വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കാൻ ബുദ്ധിമുട്ടുണ്ടെന്ന അഭിപ്രായം ഏറെക്കാലമായി നിലനിൽക്കുന്നു. ഇതിനുള്ള പരിഹാരമായി ജില്ല വിഭജിക്കണമെന്ന ആവശ്യം പലവട്ടം ഉയർന്നിരുന്നെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.
ഇപ്പോൾ ദിലീപ് കെ. കൈനിക്കര തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വിഷയം വീണ്ടും ശ്രദ്ധയിൽപ്പെടുത്തിയിരിക്കുകയാണ്. പുതിയ സർക്കാരിനായി തയ്യാറാക്കിയ പരിഗണനാപട്ടികയിലാണ് ജില്ല വിഭജിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടത്. ജില്ലയുടെ ചുമതലയുള്ള സബ് കളക്ടർ എന്ന നിലയിൽ അദ്ദേഹത്തിന്റെ അഭിപ്രായത്തിന് പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തൽ. ഏഴ് നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന, ഒരു ലോക്‌സഭാ മണ്ഡലത്തിന്റെ വിസ്തൃതിയുള്ള ജില്ലകളാണ് ഭരണസൗകര്യങ്ങൾക്ക് ഏറ്റവും അനുയോജ്യമെന്ന് അദ്ദേഹം കുറിപ്പിൽ പറയുന്നു.
ഇത്തരം മാറ്റം വന്നാൽ സർക്കാർ സേവനങ്ങൾ ജനങ്ങളിലെത്തുന്നത് കൂടുതൽ വേഗത്തിലും കാര്യക്ഷമമായും ആക്കാനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വലിയ സാമ്പത്തിക ചെലവ് ആവശ്യമായ പദ്ധതിയാണെങ്കിലും നടപ്പായാൽ ജനങ്ങൾക്ക് ഗുണകരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു






