കാഠ്മണ്ഡു: തിങ്കളാഴ്ച നേപ്പാളിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ ടർക്കിഷ് എയർലൈൻസ് വിമാനത്തിന് തീപിടിച്ച് വലിയ ആശങ്കയുണ്ടായി. ഇസ്താംബൂളിൽ നിന്ന് എത്തിയ TK 726 വിമാനത്തിന്റെ വലതുഭാഗത്തെ ലാൻഡിംഗ് ഗിയർ ടയറുകളിലാണ് റൺവേയിൽ തൊട്ട ഉടൻ തീയും പുകയും ഉയർന്നത്.
വിമാനത്തിൽ ഉണ്ടായിരുന്ന 278 യാത്രക്കാരും 11 ജീവനക്കാരും എമർജൻസി വാതിലുകൾ വഴി സുരക്ഷിതമായി പുറത്തിറങ്ങി. എല്ലാവരും സുരക്ഷിതരാണെന്നും ആർക്കും പരിക്കുകളില്ലെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.
സംഭവം നടക്കുമ്പോൾ തന്നെ വിമാനത്താവളത്തിലെ അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണത്തിലാക്കി. യാത്രക്കാരിൽ ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച ദൃശ്യങ്ങളിൽ വിമാനത്തിന്റെ അടിഭാഗത്ത് നിന്ന് കനത്ത പുക ഉയരുന്നത് കാണാം.
പ്രാഥമിക വിലയിരുത്തലിൽ ലാൻഡിംഗിനിടെ ടയർ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമെന്നാണ് സംശയം. സംഭവത്തെ തുടർന്ന് വിമാനത്താവള പ്രവർത്തനങ്ങൾ താത്കാലികമായി തടസ്സപ്പെട്ടു, ചില വിമാനങ്ങൾ വഴിതിരിച്ചുവിടുകയും വൈകുകയും ചെയ്തു.
2015-ൽ ഇതേ വിമാന നമ്പറുള്ള ടർക്കിഷ് എയർലൈൻസ് വിമാനം കാഠ്മണ്ഡുവിൽ ലാൻഡിംഗിനിടെ അപകടത്തിൽപ്പെട്ട ചരിത്രവുമുണ്ട്. ഇപ്പോഴത്തെ സംഭവത്തെക്കുറിച്ച് സിവിൽ ഏവിയേഷൻ അതോറിറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






