ലഖ്‌നൗ: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് രാഥിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ നിർണ്ണായക വഴിത്തിരിവ്. സംഭവത്തിൽ നേരിട്ട് പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പ്രൊഫഷണൽ കൊലയാളികളെ പശ്ചിമ ബംഗാൾ, ഉത്തർ പ്രദേശ്, ബിഹാർ പൊലീസ് സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിൽ പിടികൂടി. നോർത്ത് 24 പർഗാനാസിലെ വീടിന് സമീപം വെച്ച് ബുധനാഴ്ച രാത്രിയാണ് ചന്ദ്രനാഥ് രാഥ് അക്രമിസംഘത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന അദ്ദേഹത്തിന് നേരെ പതിയിരുന്ന സംഘം വെടിയുതിർക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം സ്വന്തം കാറുകളും ബൈക്കുകളും ഉപേക്ഷിച്ച് മറ്റ് വാഹനങ്ങളിൽ കടന്നുകളഞ്ഞ പ്രതികളെ സിസിടിവി ദൃശ്യങ്ങളുടെയും സാങ്കേതിക വിദ്യയുടെയും സഹായത്തോടെയാണ് പൊലീസ് പിന്തുടർന്നത്.
പ്രതികളിലൊരാൾ യാത്രാമധ്യേ ടോൾ ബൂത്തിൽ നടത്തിയ യുപിഐ പേയ്‌മെന്റാണ് കേസിൽ നിർണ്ണായക തെളിവായി മാറിയത്. ഡിജിറ്റൽ ഇടപാട് ട്രാക്ക് ചെയ്ത പൊലീസ് കൊൽക്കത്തയ്ക്ക് സമീപമുള്ള ടോൾ പ്ലാസയിൽ വെച്ച് പ്രതികളെ വളയുകയായിരുന്നു. പിടിക്കപ്പെട്ട മൂന്ന് പേരും ബിഹാർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്രിമിനൽ സംഘത്തിൽപ്പെട്ടവരാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൊലപാതകം, മോഷണം ഉൾപ്പെടെ പതിനഞ്ചോളം ക്രിമിനൽ കേസുകളിൽ പ്രതികളായ ഇവർ ക്വട്ടേഷൻ സംഘത്തിലെ പ്രധാനികളാണ്. എട്ടോളം പേർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതായാണ് പ്രാഥമിക വിവരം. പ്രതികൾ ഉപേക്ഷിച്ച മൈക്ര കാറും ബൈക്കും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
സംഭവം രാഷ്ട്രീയമായി വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കെ, പിടിയിലായ പ്രതികളെ ഇന്ന് ബംഗാളിലെ ബർസാത്ത് കോടതിയിൽ ഹാജരാക്കും. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ചും ക്വട്ടേഷൻ നൽകിയവരെക്കുറിച്ചും കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മുഖ്യമന്ത്രിയുടെ അടുത്ത സഹായി കൊല്ലപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്ത് സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കിയിട്ടുണ്ട്. ബാക്കിയുള്ള പ്രതികൾക്കായി അയൽ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് തിരച്ചിൽ ഊർജിതമാക്കിയതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.






