തൃശൂർ:ഗുരുവായൂർ അരിയന്നൂരിലെ വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ നാടകീയമായ വഴിത്തിരിവ്. മോഷണം നടത്തിയ എട്ട് പവൻ സ്വർണം മാപ്പപേക്ഷയോടൊപ്പം തിരികെ നൽകിയ പ്രതിയെ ഒടുവിൽ പോലീസ് പിടികൂടി. മുണ്ടത്തിക്കോട് സ്വദേശി സുധീഷ് ആണ് ഗുരുവായൂർ പോലീസിന്റെ പിടിയിലായത്. വീട്ടിൽ നിന്ന് മൊത്തം പത്ത് പവൻ സ്വർണമാണ് ഇയാൾ കവർന്നിരുന്നത്. ഇതിൽ എട്ട് പവൻ സ്വർണം തിരികെ ഏൽപ്പിച്ച പ്രതി, ബാക്കി രണ്ട് പവൻ താൻ വിറ്റുപോയെന്നും അതിനാൽ തനിക്കെതിരെയുള്ള കേസ് പിൻവലിക്കണമെന്നും അപേക്ഷിച്ചുകൊണ്ടുള്ള കത്തും സ്വർണ്ണത്തിനൊപ്പം കരുതിയിരുന്നു. തന്റെ അവസ്ഥ പരിഗണിച്ച് മാപ്പ് നൽകണമെന്നായിരുന്നു ഇയാളുടെ ആവശ്യം.
എന്നാൽ ഈ മാപ്പപേക്ഷ തള്ളിയ പോലീസ് പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. മോഷണ വിവരം അറിഞ്ഞതിനെ തുടർന്ന് തിങ്കളാഴ്ച രാത്രി ഗുരുവായൂർ പോലീസ് നടത്തിയ ശക്തമായ പട്രോളിങ്ങിനിടെയാണ് സുധീഷ് വലയിലാകുന്നത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇയാളെ ചോദ്യം ചെയ്തതോടെയാണ് കവർച്ചയുടെ ചുരുളഴിയുന്നത്. സ്വർണം നഷ്ടപ്പെട്ട വീട്ടുടമസ്ഥൻ നേരത്തെ തന്നെ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ ഗുരുവായൂർ സ്റ്റേഷനിലെ എം.വി. വിനോദിനാണ് അന്വേഷണച്ചുമതല നൽകിയിരിക്കുന്നത്. പിടിയിലായ സുധീഷിനെ കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്നും മോഷ്ടിച്ച സ്വർണം വിറ്റത് എവിടെയാണെന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു. കേസ് പിൻവലിക്കണമെന്ന പ്രതിയുടെ അപേക്ഷ നിയമപരമായി നിലനിൽക്കില്ലെന്നും കവർച്ചാ കുറ്റത്തിന് കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.






