യാത്രയിലും ഭക്ഷണം ചൂടായി സൂക്ഷിക്കാനുമെല്ലാം അലുമിനിയം ഫോയിലില്‍ പൊതിയുന്നവരുണ്ട്. എന്നാല്‍ ഇത് സുരക്ഷിതമാണോ? അലുമിനിയം കൊണ്ടാണ് ഇവ ഉണ്ടാക്കുന്നത്.
ഇവയ്ക്ക് പ്രകാശത്തെയും ഓക്‌സിജനെയും തടയാനുള്ള കഴിവുണ്ട്. കൂടാതെ ഇതിന് പ്രതിഫലന ശേഷിയുമുണ്ട്. ഭക്ഷണത്തിന്റെ ചൂട് നിലനിര്‍ത്താനും രുചിയും ഗുണവും നഷ്ടപ്പെടാതെ സൂക്ഷിക്കാനും സഹായിക്കും. വേഗം കേടുവരുന്ന ഭക്ഷണം പൊതിയാനും പാലുല്‍പ്പന്നങ്ങള്‍ ദീര്‍ഘകാലം കേടുകൂടാതെ വയ്ക്കാനും അലുമിനിയം ഫോയില്‍ ഉപയോഗിക്കുന്നു.
എന്നാല്‍ ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഇലക്ട്രോകെമിക്കല്‍ സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍, അലൂമിനിയം ഫോയില്‍ അസിഡിറ്റി, കൂടുതല്‍ ഉപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവയുമായി പ്രതിപ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കുന്നു. അലുമിനിയം ഫോയിലില്‍ നിന്നും അലുമിനിയം അയോണുകള്‍ വേര്‍തിരിക്കപ്പെടും, ഇത് ഭക്ഷണത്തിലൂടെ ശരീരത്തിലെത്തും.
ഭക്ഷണം നേരിട്ട് അലുമിനിയം ഫോയിലില്‍ വെക്കാതെ ഒന്നോ രണ്ടോ ബട്ടര്‍ പേപ്പര്‍ വെച്ച് പൊതിഞ്ഞ ശേഷം അലുമിനിയം ഫോയില്‍ കൊണ്ട് പൊതിയാം. ഒരുപാട് സമയം ഭക്ഷണം അലുമിനിയം ഫോയിലില്‍ പൊതിഞ്ഞു സൂക്ഷിക്കുന്നതും ദോഷകരമാണ്. മൂന്നോ നാലോ മണിക്കൂര്‍ കഴിയുന്നതിന് മുമ്പ് ഉപയോഗിക്കുക.
തക്കാളി, സിട്രസ് പഴങ്ങള്‍ തുടങ്ങിയ അസിഡിക് ഭക്ഷണങ്ങള്‍. ഗരം മസാല, ജീരകം, മഞ്ഞള്‍ തുടങ്ങിയ മസാലകള്‍. കറികളും അച്ചാറുകളും.ചീസ്, വെണ്ണ തുടങ്ങിയവയൊന്നും അലുമിനിയം ഫോയിലില്‍ പൊതിയരുത്.






