കാസർകോട്: ‘ചിൽഡ്രൻ ബാങ്ക് ഓഫ് ഇന്ത്യ’ എന്ന പേരിൽ തയ്യാറാക്കിയ വ്യാജ പേപ്പർ കറൻസി ഉപയോഗിച്ച് ആളുകളെ കബളിപ്പിക്കുന്ന സംഭവങ്ങൾ വർധിക്കുന്നു. അണങ്കൂരിലെ ഒരു ഓട്ടോ ഡ്രൈവർക്കാണ് രണ്ട് ദിവസം മുൻപ് ഓട്ടവാടകയായി ഇത്തരത്തിലുള്ള വ്യാജ നോട്ടുകൾ ലഭിച്ചത്.
പണം സ്വീകരിച്ച ശേഷം വിശദമായി പരിശോധിച്ചപ്പോഴാണ് ഇത് യഥാർഥ കറൻസി അല്ലെന്ന് ഡ്രൈവർ തിരിച്ചറിഞ്ഞത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന നോട്ടുകൾക്ക് സമാനമായ രൂപകൽപ്പനയും വലുപ്പവും ആയതിനാൽ ആദ്യനോട്ടത്തിൽ വ്യാജമാണെന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടാണെന്ന് പറയുന്നു.
തിരക്കേറിയ സമയങ്ങളിൽ ഓട്ടത്തിനിടയിൽ നോട്ടുകൾ വിശദമായി പരിശോധിക്കാൻ കഴിയാത്തതിനാലാണ് ഓട്ടോ ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർ ഇത്തരത്തിൽ കബളിപ്പിക്കപ്പെടുന്നത്. വ്യാജ കറൻസി വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിൽ പണം സ്വീകരിക്കുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.






