തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. പവന് 4000 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14,890 രൂപയും പവന് 1,19,120 രൂപയുമായി. ഇന്ന് രാവിലെ ഒറ്റയടിക്ക് പവന് 10,200 രൂപയോളം വിലവർധനവാണ് കേരളത്തിൽ ഉണ്ടായിരുന്നത്. ഈ മാസത്തെ ഏറ്റവും കൂടിയ വിലനിലവാരത്തിലായിരുന്നു ഇന്ന് രാവിലെ സ്വർണ വ്യാപാരം നടത്തിയിരുന്നത്. വെള്ളി വിലയിലും വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം വെള്ളിക്ക് 320 രൂപയും 10 ഗ്രാം വെളളിക്ക് 3200 രൂപയിലുമാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.
കേന്ദ്രസർക്കാർ സ്വർണ്ണത്തിന്റെ ഇറക്കുമതി ചുങ്കം വർധിപ്പിച്ചതിനെതിരെ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ രംഗത്ത് വന്നു. സ്വർണ്ണത്തിന്റെ ഇറക്കുമതി ചുങ്കം 6% ത്തിൽ നിന്നും 15% ആയി വർദ്ധിപ്പിച്ചത് ഇറക്കുമതി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കിലും സ്വാഭാവികമായി കള്ളക്കടത്ത് വർദ്ധിക്കുന്നതിന് ഇത് കാരണമാകുമെന്ന് വിശദീകരണം. ഇറക്കുമതി ചുങ്കം 9 ശതമാനം വർദ്ധിപ്പിച്ചതോടെ ഇന്ത്യയിലെ ആഭ്യന്തര സ്വർണ്ണവില പവന് 10,200 രൂപയുടെ വർധനവാണ് ഉണ്ടായത്.






