കീവ്: യുക്രൈനിൽ സൈനിക പരിശീലകനെന്ന വ്യാജേന എത്തിയ റഷ്യൻ ചാരന് തടവുശിക്ഷ വിധിച്ചു. റോസ് ഡേവിഡ് കട്ട്മോറിനാണ് യുക്രൈൻ നിയമപ്രകാരം എട്ടര വർഷം തടവുശിക്ഷ വിധിച്ചത്. യുക്രൈനിൽനിന്ന് തന്ത്രപ്രധാന വിവരങ്ങൾ റഷ്യയ്ക്ക് കൈമാറിയെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. യുക്രൈനിലെ ഒഡീസയിലുള്ള കോടതിയാണ് ഇയാളെ കുറ്റക്കാരനെന്ന് കണ്ടെത്തിയതും ശിക്ഷ വിധിച്ചതും.
2024 ജനുവരിയിലാണ് വിദേശ സൈനിക പരിശീലകനായി കട്ട്മോർ യുക്രൈനിൽ എത്തിയത്. ഇയാൾ റഷ്യൻ അനുകൂല ഓൺലൈൻ ഗ്രൂപ്പുകളുമായി ബന്ധപ്പെടുകയായിരുന്നുവെന്ന് യുക്രൈൻ അധികൃതർ പറയുന്നു. എളുപ്പത്തിൽ പണം കണ്ടെത്താനായാണ് ഇയാൾ റഷ്യൻ ഗ്രൂപ്പുകളുമായി ബന്ധം സ്ഥാപിച്ചത്. രഹസ്യവിവരങ്ങൾ കൈമാറുന്ന മുറയ്ക്ക് ഇയാൾക്ക് പണം ലഭിച്ചിരുന്നതായും യുക്രൈൻ അധികൃതർ വ്യക്തമാക്കി. ഒഡീസയിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചതായും സൈനിക കമാൻഡിൻ്റെ വിവരങ്ങൾ നേടിയെടുക്കാൻ ശ്രമിച്ചതായും കണ്ടെത്തലുണ്ട്.






