ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെയും ഇന്ധന വില വർധനവിനെയും തുടർന്ന് അന്താരാഷ്ട്ര സർവീസുകൾ വെട്ടിച്ചുരുക്കിയിരിക്കുകയാണ് എയർ ഇന്ത്യ. രണ്ട് മാസത്തേയ്ക്കുള്ള അന്താരാഷ്ട്ര വിമാന സർവീസുകളാണ് വെട്ടിച്ചുരുക്കുന്നത്. പ്രതിമാസം 1200ലധികം അന്താരാഷ്ട്ര വിമാന സർവീസുകൾ തുടരുമെന്നും എയർലൈൻസ് അറിയിച്ചിട്ടുണ്ട്.
ഇതിൽ വടക്കേ അമേരിക്കയിലേക്ക് ആഴ്ചയിൽ 33 വിമാനങ്ങളും, യൂറോപ്പിലേക്ക് ആഴ്ചയിൽ 47 വിമാനങ്ങളും, യുകെയിലേക്ക് ആഴ്ചയിൽ 57 വിമാനങ്ങളും, ഓസ്‌ട്രേലിയയിലേക്ക് ആഴ്ചയിൽ എട്ട് വിമാനങ്ങളും, ഫാർ ഈസ്റ്റ്, തെക്കുകിഴക്കൻ ഏഷ്യ, സാർക്ക് മേഖലകൾ എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ 158 വിമാനങ്ങളും, മൗറീഷ്യസിലേക്ക് (ആഫ്രിക്ക) ആഴ്ചയിൽ ഏഴ് വിമാനങ്ങളുമാണ് സർവീസ് നടത്തുക. അതോടൊപ്പം തന്നെ ഡൽഹി-ചിക്കാഗോ, മുംബൈ-ന്യൂയോർക്ക്, ഡൽഹി-ഷാങ്ഹായ്, ചെന്നൈ-സിംഗപ്പൂർ എന്നീ സർവീസുകളും താത്കാലികമായി നിർത്തി വെയ്ക്കുമെന്നും റിപ്പോർട്ടുണ്ട്.





