നടൻ സൂര്യയെ നായകനാക്കി ആർജെ ബാലാജി സംവിധാനം ചെയ്യുന്ന കറുപ്പ് എന്ന സിനിമയുടെ ആദ്യ പ്രദർശനങ്ങൾ റദ്ദാക്കി. വ്യാഴാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കേണ്ടിയിരുന്ന ഷോകളാണ് അവസാന നിമിഷം ഒഴിവാക്കിയത്. സാമ്പത്തിക പ്രശ്നങ്ങളാണ് ഇതിന് കാരണമെന്നാണ് റിപ്പോർട്ടുകൾ.
ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ എസ് ആർ പ്രഭു മെയ് 14 പുലർച്ചെ എക്സ് പ്ലാറ്റ്‌ഫോമിലൂടെ ഷോകൾ റദ്ദാക്കിയ വിവരം അറിയിച്ചു. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങൾ കാരണം ഷോകൾ നടത്താനാകില്ലെന്നും അദ്ദേഹം പ്രേക്ഷകരോട് മാപ്പ് പറയുകയും ചെയ്തു. റിലീസിന് മുമ്പ് തന്നെ സിനിമയ്ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന സൂചനകൾ പുറത്തുവന്നിരുന്നു. പ്രശ്നങ്ങൾ ഉടൻ പരിഹരിക്കാമെന്ന് സംവിധായകൻ ആർ.ജെ. ബാലാജി പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നെങ്കിലും അത് സാധ്യമായില്ല.
പിന്നീട് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് സിനിമയുടെ വിവരങ്ങൾ നീങ്ങിയതോടെ റിലീസ് മാറ്റിവെക്കുമെന്ന ആശങ്ക ഉയർന്നു. ഡ്രീം വാരിയർ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, നടരാജൻ സുബ്രഹ്മണ്യം, സ്വാസിക, യോഗി ബാബു തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. സിനിമയുടെ സാമ്പത്തിക പ്രശ്നങ്ങൾ ഉടൻ പരിഹരിച്ച് റിലീസ് നടത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.






