തിരുവനന്തപുരം: ഒടുവില്‍ കാത്ത് കാത്തിരുന്ന് ആ പ്രധാന തീരുമാനം വന്നു. ഇനിയാണ് ശരിക്കും തലവേദന. മുഖ്യമന്ത്രിയായി വിഡി സതീശനെ നിശ്ചയിച്ചതിന് പിന്നാലെ, മന്ത്രിസഭാ രൂപീകരണത്തിലേക്ക് കോണ്‍ഗ്രസും യുഡിഎഫും കടക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടുള്ള ഔപചാരിക ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കമാകും. കോണ്‍ഗ്രസിന് 11 മന്ത്രിസ്ഥാനവും സ്പീക്കര്‍ പദവിയും ലഭിച്ചേക്കുമെന്നാണ് നിലവിലെ സൂചനകള്‍. എന്നാല്‍ തങ്ങള്‍ക്ക് അഞ്ചു മന്ത്രിപദവികള്‍ വേണമെന്നാണ് ലീഗ് ആവശ്യപ്പെടുന്നത്. ഉപമുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് വ്യക്തതയില്ല.
രണ്ടു മന്ത്രിസ്ഥാനങ്ങള്‍ വേണമെന്ന് കേരള കോണ്‍ഗ്രസും ആവശ്യപ്പെട്ടിട്ടുണ്ട്. കേരള കോണ്‍ഗ്രസ് (ജേക്കബ്) ലെ അനൂപ് ജേക്കബ്, സിഎംപിയിലെ സിപി ജോണ്‍ തുടങ്ങിയവരും മന്ത്രിസഭയില്‍ ഇടംപിടിച്ചേക്കും. മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതില്‍ ഇടഞ്ഞു നില്‍ക്കുന്ന രമേശ് ചെന്നിത്തലയെ കൂടെ നിര്‍ത്തുക എന്നതാണ് ആദ്യ വെല്ലുവിളി. ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ നീക്കങ്ങള്‍ സജീവമാണ്. ഏറ്റവും പ്രധാന വകുപ്പുകളിലൊന്ന് നല്‍കി ചെന്നിത്തലയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനാണ് ശ്രമം, മിക്കവാറും ആഭ്യന്തരമോ ധനവകുപ്പോ അദ്ദേഹത്തിന് ലഭിച്ചേക്കും.
അതുപോലെ തന്നെ കസേരക്കളിയില്‍ മുഖ്യമന്ത്രി സ്ഥാനം നഷ്ടമായ കെസി വേണുഗോപാല്‍ ഗ്രൂപ്പ്, കൂടുതല്‍ മന്ത്രിമാരെ ഉള്‍പ്പെടുത്തി മന്ത്രിസഭയില്‍ പിടിമുറുക്കാനുള്ള ലക്ഷ്യത്തിലാണ്. അഞ്ച് എംഎല്‍എമാര്‍ക്ക് ഒരു മന്ത്രി എന്ന ഫോര്‍മുലയാണ് കോണ്‍ഗ്രസ് മുന്നോട്ടുവച്ചത്. മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാനായി കേരളത്തിലേക്ക് വരണമെന്ന് കെ സി വേണുഗോപാലിനോട് നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയും ചര്‍ച്ചകളില്‍ പങ്കെടുക്കും.
ഇപ്പോഴും അഞ്ച് മന്ത്രിമാര്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മുസ്ലിം ലീഗുള്ളത്. അമരക്കാരന്‍ പി കെ കുഞ്ഞാലിക്കുട്ടി മന്ത്രി സ്ഥാനം ഉറപ്പിച്ചു. കെ എം ഷാജി, പി കെ ബഷീര്‍, എന്‍ ഷംസുദ്ദീന്‍ എന്നിവരാണ് പിന്നെ സാധ്യതാ പട്ടികയിലുള്ളത്. പാലക്കാട് നിന്ന് ഒരു മന്ത്രി വേണം എന്ന ആവശ്യമാണ് ഷംസുദ്ദീനെ പരിഗണിക്കാന്‍ കാരണം. അഞ്ചാമതൊരു മന്ത്രി സ്ഥാനം ലഭിച്ചാല്‍ കാസര്‍കോട് നിന്നുള്ള എ കെ എം അഷ്‌റഫിനെ പരിഗണിച്ചേക്കും. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള പാറക്കല്‍ അബ്ദുള്ള, റസാഖ് മാസ്റ്റര്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നു വന്നിട്ടുണ്ട്.






