നോയിഡ: നോയിഡയിൽ കഴിഞ്ഞ മാസം നടന്ന അക്രമാസക്തമായ തൊഴിലാളി പ്രതിഷേധവുമായി ബന്ധപ്പെട്ട പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് വിദേശ രാജ്യങ്ങളിൽ നിന്ന് ഒരു കോടിയിലധികം രൂപ എത്തിയതായി ഉത്തർപ്രദേശ് പൊലീസ് വെളിപ്പെടുത്തി. ഡോളർ, പൗണ്ട്, യൂറോ എന്നീ വിദേശ കറൻസികളിലായാണ് പണം എത്തിയതെന്ന് പൊലീസ് അറിയിച്ചു.
പ്രതിയായ സത്യം വർമ്മയുടെ വ്യക്തിഗത ബാങ്ക് അക്കൗണ്ടിലേക്കാണ് ഈ തുക വിവിധ ഘട്ടങ്ങളിലായി എത്തിയത്. പിന്നീട് ഇയാൾ ഈ തുക സ്വന്തം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. തീവ്രനിരീക്ഷണത്തിലുള്ള ചില സംഘടനകളുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ പണം എത്തിയ രാജ്യങ്ങളെയും ബന്ധപ്പെട്ട സംഘടനകളെയും കുറിച്ച് പൊലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഏപ്രിൽ 13-ന് ഗൗതം ബുദ്ധ നഗർ പൊലീസ് കമ്മീഷണറേറ്റിന് കീഴിൽ നടന്ന അക്രമാസക്തമായ തൊഴിലാളി പ്രതിഷേധത്തെ തുടർന്നാണ് അന്വേഷണം ശക്തമാക്കിയത്. 80-ലധികം കേന്ദ്രങ്ങളിലായി 40,000 മുതൽ 45,000 വരെ തൊഴിലാളികൾ പ്രതിഷേധത്തിൽ പങ്കെടുത്തതോടെ ജനജീവിതം സാരമായി ബാധിച്ചിരുന്നു. സെക്ടർ 63 ഉൾപ്പെടെ ചില മേഖലകളിൽ പ്രതിഷേധം അക്രമാസക്തമായി മാറുകയും തീവെപ്പ് ഉൾപ്പെടെയുള്ള സംഭവങ്ങൾ അരങ്ങേറുകയും ചെയ്തതായി പൊലീസ് റിപ്പോർട്ട് ചെയ്തു.
കേസിൽ ഇടത് തൊഴിലാളി സംഘടനയായ ‘ബിഗുൾ മസ്ദൂർ ദസ്ത’യുമായി ബന്ധമുള്ള സത്യം വർമ്മയെയും ഹിമാൻഷു താക്കൂറിനെയും ഏപ്രിൽ 19-ന് ലഖ്നൗവിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന ആദിത്യ ആനന്ദിനെ നേരത്തേ തന്നെ പിടികൂടിയിരുന്നു. അക്രമ സംഭവങ്ങളിലും പൊതുശാന്തി തകർക്കുന്നതിലും പ്രധാന പങ്ക് വഹിച്ചെന്നാരോപിച്ച് സത്യം വർമ്മയ്ക്കും ആകൃതി എന്ന പ്രതിക്കുമെതിരെ ദേശീയ സുരക്ഷാ നിയമം (NSA) പ്രകാരമുള്ള നടപടികൾ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.






