ഒടുവിൽ പത്ത് ദിവസത്തോളം കാത്ത് കാത്തിരുന്ന് കേരളത്തിനൊരു മുഖ്യമന്ത്രിയെ കിട്ടി, കോൺഗ്രസിനും യുഡിഎഫിനുമിത് ആഘോഷത്തിന്റെ നിമിഷങ്ങളാണ്. പക്ഷേ ഇതും മറ്റൊരു സുവർണാവസരമാക്കാൻ കാത്തിരിക്കുന്നൊരു കൂട്ടരുമുണ്ട് നമുക്കിടയിൽ. തെരഞ്ഞെടുപ്പ് കാലത്ത് തന്നെ അവിശുദ്ധ കൂട്ടുകെട്ടുകളുടേയും ഡീലുകളുടേയും പേരിൽ അത്യാവശ്യം വിമർശനം കേട്ട വിഡി സതീശൻ തന്നെ മുഖ്യമന്ത്രിയായി വന്നതോടെ ആ ആരോപണങ്ങൾ ഒന്നുകൂടി മൂർച്ഛിക്കുമെന്ന് ഹൈക്കമാൻഡ് തീരുമാനം വന്ന അന്ന് തന്നെ വ്യക്തമായതുമാണ്. ബിജെപിയെ സംബന്ധിച്ച് കയ്യിൽ കിട്ടിയിരിക്കുന്ന മൂന്ന് സീറ്റുകൾ മുപ്പതും അറുപതുമെല്ലാമാക്കാൻ വേണ്ടത് കൃത്യമായ ഭൂരിപക്ഷ ഏകീകരണം തന്നെയാണെന്ന് നന്നായിട്ടറിയാം. അതിനുള്ള പണികളും അവിടെ നിന്ന് തുടങ്ങിയിട്ടുണ്ട്.
വിഡി സതീശൻ മുഖ്യമന്ത്രിയായതിന് പിന്നാലെ ലീഗിന്റേയും ജമാഅത്തെ ഇസ്ലാമിയുടേയും പേരുകൾ ചേർത്താണ് ബിജെപി വിമർശനം അഴിച്ചു വിടുന്നത്. സതീശന് മുഖ്യമന്ത്രിസ്ഥാനം ലഭിച്ചതിൽ ലീഗിന്റെ ഇടപെടൽ ഉണ്ടെന്ന പരോക്ഷ ആരോപണവുമായാണ് ബിജെപിയുടെ സോഷ്യൽ മീഡിയ പ്രതികരണങ്ങൾ. സതീശൻ ജയിച്ചാൽ ഭരണം പാണക്കാട്ട് നിന്നാവുമെന്ന് നേരത്തേ തന്നെ പല കോണുകളിൽ നിന്നും ആരോപണങ്ങൾ വന്നിട്ടുള്ളതാണ്. സതീശനെ മുഖ്യനാക്കാൻ ലീഗ് ചെലുത്തിയ സമ്മർദ്ദം എത്രത്തോളമെന്ന് കഴിഞ്ഞ 4-5 ദിവസങ്ങളിലായി നമ്മൾ കണ്ടതുമാണ്. സതീശന് വേണ്ടി മുറവിളി കൂട്ടി തെരുവിലിറങ്ങിയവരിൽ നല്ലൊരു പങ്കും ലീഗ്, യൂത്ത് ലീഗ് പ്രവർത്തകരായിരുന്നു.
മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾ നടത്തിയ കടുത്ത സമ്മർദ്ദമാണ് വിഡി സതീശനെ മുഖ്യമന്ത്രിക്കസേരയിൽ എത്തിച്ചതെന്ന് നമുക്കറിയാം. അല്ലാത്ത പക്ഷം മുന്നണിയിലുണ്ടായേക്കാവുന്ന വിള്ളലുകൾ രാഹുലിന്റേയും ഖർഗെയെുടേയും ഉറക്കം കളഞ്ഞിട്ടുണ്ട്.
‘അടുത്ത അഞ്ചുകൊല്ലം നമ്മൾ കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിൽ കാണാൻ പോകുന്നത് ലീഗിന്റെ പാട്ടിനൊപ്പം തുള്ളുന്ന ഒരു പാവയെ ആയിരിക്കു’ എന്നായിരുന്നു ബിജെപി കേരളത്തിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട കുറിപ്പ്. കെ.എം. ഷാജി പ്രസംഗിച്ചതുപോലെ എല്ലാം പിടിച്ചെടുക്കാനായി ഭരിക്കുമ്പോൾ കേരളത്തിൽ സംഭവിക്കുന്നത് എന്തൊക്കെ ആയിരിക്കുമെന്ന് നമുക്ക് കാണാമെന്നും കുറിപ്പിൽ പറയുന്നു. കടുത്ത വർഗീയ പരാമർശങ്ങൾ തുടർച്ചയായി പറയുന്ന കെഎം ഷാജി പോലുള്ളവർക്ക് മന്ത്രിസ്ഥാനം കിട്ടുമെന്ന സൂചനകൾ വന്നതോടെ വിമർശനം ശക്തമായി. പ്രത്യേകിച്ച് വിദ്യാഭ്യാസ വകുപ്പ് വിട്ടുകൊടുക്കുന്ന പ്രശ്നമില്ലെന്ന ലീഗിന്റെ വാശി വിദ്യാഭ്യാസത്തെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമമെന്ന രീതിയിലാണ് പ്രചരിക്കുന്നത്.
‘22-നേക്കാൾ താഴെയാണ് ഭായി 63’ എന്നായിരുന്നു ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും മഞ്ചേശ്വരത്ത് നിന്ന് പരാജയപ്പെട്ട എൻഡിഎ സ്ഥാനാർഥിയുമായ കെ. സുരേന്ദ്രന്റെ പ്രതികരണം. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 63 സീറ്റിലും മുസ്ലിം ലീഗ് 22 സീറ്റിലുമാണ് ജയിച്ചത്. സതീശന്റെ മുഖ്യമന്ത്രിസ്ഥാനലബ്ധിയിൽ ലീഗിന് പങ്കുണ്ടെന്ന് പരോക്ഷ ആരോപണം ഉന്നയിച്ചുമായിരുന്നു ഈ കുറിപ്പ്. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ നിയുക്ത കഴക്കൂട്ടം എംഎൽഎ വി മുരളീധരൻ ആദ്യ വെടി പൊട്ടിച്ചത് വരാനിരിക്കുന്ന ആരോപണ ശരങ്ങളുടെ ഒരു സൂചന മാത്രമായിരുന്നു.
വിഷയത്തിൽ ബിജെപിയിതര സാമൂഹിക ശക്തികളുടെ പ്രതികരണങ്ങളും സതീശനും ലീഗിനുമെതിരാണ്. മുഖ്യമന്ത്രി തെരഞ്ഞെടുപ്പിൽ ലീഗ് നടത്തിയ സമ്മർദം ശരിയായില്ല. മന്ത്രിമാരെ തെരഞ്ഞെടുക്കുന്നതിലും ഇതേ സമ്മർദം തന്നെ ഉണ്ടാകുമല്ലോ എന്നാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പ്രതികരിച്ചത്. നല്ല നാളേക്കായി വിഡി സതീശൻ നയിക്കുമെന്നത് സാദിക്കലി തങ്ങളുടെ വിശ്വാസമാണ്. ഞങ്ങളുടെ ആരുടെയും വിശ്വാസമല്ല. ലീഗ് ഭരണത്തിൽ പിടിമുറുക്കുന്നതിന്റെ സൂചനയാണിത്. മാനദണ്ഡങ്ങൾ പരിശോധിക്കുമ്പോൾ എല്ലാ തരത്തിലും മുന്നിൽ നിൽക്കുന്ന ആളെ വേണമായിരുന്നു പരിഗണിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു. സുകുമാരൻ നായരെ പിന്തുണച്ച് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്ത് വന്നത് ഏവരേയും അമ്പരപ്പിച്ചു. തെറ്റായ സമീപനം സ്വീകരിക്കുന്ന വ്യക്തിയല്ല സുകുമാരൻ നായർ. അദ്ദേഹം അങ്ങനെയൊരു നിലപാട് എടുത്തിട്ടുണ്ടെങ്കിൽ അതിനു വ്യക്തമായ കാരണങ്ങളുണ്ടാകും എന്നാണ് തിരുവഞ്ചൂർ പറഞ്ഞത്.
ഇതിന് ആക്കം കൂട്ടുന്ന തരത്തിൽ ലീഗിന്റെ ഭാഗത്ത് നിന്ന് പ്രതികരണങ്ങൾ വരുന്നതും വിഷയം കൂടുതൽ ഗൗരവതരമാക്കും. കഴിഞ്ഞ ദിവസം തൊടുപുഴയിൽ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ കടുത്ത വർഗീയത നിറഞ്ഞ മുദ്രാവാക്യം വിളികളുമായി ലീഗ് തെരുവിലിറങ്ങിയത് വലിയ വാർത്തയായിരുന്നു. വെള്ളാപ്പള്ളിക്കും സുകുമാരൻ നായർക്കുമെതിരെയായിരുന്നു മുദ്രാവാക്യങ്ങളെങ്കിലും അതത് സമുദായങ്ങൾക്കെതിരായാണതെന്ന് വരുത്തിതീർക്കാൻ വലിയ സമയമൊന്നും വേണ്ടെന്നും അരോപണങ്ങളുടെ മുനയൊടിക്കേണ്ടതിന് പകരം അതിന് വളമിടുന്ന പ്രവൃത്തിയാണ് തങ്ങളുടെ ഭാഗത്ത് നിന്ന് വരുന്നതെന്നും മനസിലാക്കിയാൽ ലീഗിന് കൊള്ളാം. അത് ആത്യന്തികമായി സമുദായങ്ങൾക്കിടയിൽ അകൽച്ചയുണ്ടാക്കാൻ മാത്രമേ സഹായിക്കൂ. ഇല്ലെങ്കിൽ ബിജെപിക്കിത് മറ്റൊരു സുവർണാവസരമാണ്. സതിശൻ മുസ്ലീം സമുദായത്തിന്റെ മാത്രം മുഖ്യമന്ത്രിയാണെന്ന തോന്നൽ ജനങ്ങളിലേക്ക് കടത്തിവിടാനും അതുവഴി ഒരു വർഗീയ ദ്രുവീകരണം നടത്തി ഭാവിയിൽ കേരളത്തെ കാവിവൽക്കരിക്കാനും ബിജെപിക്ക് ഇപ്പോഴുള്ള മൂന്ന് അംഗങ്ങൾ തന്നെ ധാരാളമെന്ന് സെക്യുലർ കേരളം തിരിച്ചറിയുക തന്നെ വേണം.
ഈ ആരോപണങ്ങളെ തകർക്കുക എന്നത് തന്നെയാണ് മുഖ്യമന്ത്രി കസേരയിലേക്ക് കയറുന്ന വിഡി സതീശന്റെ മുന്നിലുള്ള ആദ്യ വെല്ലുവിളി. താൻ കേരളത്തിന്റെ മൊത്തത്തിലുള്ള മുഖ്യമന്ത്രിയാണെന്ന് അദ്ദേഹം തെളിയിക്കേണ്ടിയിരിക്കുന്നു. ഭരണത്തിൽ സന്തുലിതാവസ്ഥ നിലനിർത്താനും എല്ലാ വിഭാഗം ജനങ്ങളുടേയും വിശ്വാസം ആർജിക്കാനും സതീശൻ സർക്കാരിന് സാധിക്കണം. അല്ലെങ്കിൽ, ‘കാവിവൽക്കരണത്തിന്’ ഭരണകൂടം തന്നെ അറിയാതെ അവസരം ഒരുക്കിക്കൊടുക്കുന്ന കാഴ്ചയാകും കേരളം കാണുക. ജനാധിപത്യം സംരക്ഷിക്കപ്പെടണമെങ്കിൽ ഭരണാധികാരി നിഷ്പക്ഷനാണെന്ന ബോധ്യം ജനങ്ങളിൽ ഉണ്ടാകേണ്ടത് അനിവാര്യമാണ്.






