മുഖ്യമന്ത്രിയെ തീരുമാനിച്ചതോടെ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകളിലേക്ക് വേഗത്തിൽ കടക്കുകയാണ് യുഡിഎഫ്. മുന്നണിയോഗത്തിൽ മന്ത്രിമാർ ആരൊക്കെയെന്ന കാര്യത്തിൽ ഏകേദശ ധാരണയായേക്കും. സാമുദായിക സമവാക്യങ്ങളടക്കം പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്, കെ. മുരളീധരൻ അടക്കമുള്ള മുതിർന്ന നേതാക്കൾ മന്ത്രിസഭയുടെ ഭാഗമായേക്കുമെന്ന് ഉറപ്പായി. അതേസമയം രമേശ് ചെന്നിത്തല മന്ത്രിസഭയുടെ ഭാഗമാകുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ചെന്നിത്തലയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ഒരു വശത്ത് കൂടി നടക്കുന്നുണ്ട്.
തിരുവനന്തപുരത്തുനിന്ന് കെ.മുരളീധരന് പുറമേ എൻ. ശക്തനും എം. വിൻസന്റും സജീവ പരിഗണനയിലാണ്. സിഎംപിയിലെ സി.പി ജോണിനും സാധ്യത കൽപ്പിക്കുന്നു. കൊല്ലത്തു നിന്ന് പി.സി വിഷ്ണുനാഥും ബിന്ദു കൃഷ്ണയും ആലപ്പുഴയിൽ നിന്ന് എം. ലിജുവും മന്ത്രിസഭയുടെ ഭാഗമാകാനാണ് സാധ്യത. വനിതാ പ്രാതിനിധ്യം വലിയ പ്രാധാന്യമുള്ള വിഷയമാണ്. ഇത് പരിഗണിച്ച് ഷാനി മോൾ ഉസ്മാനും സാധ്യതയുണ്ട്. പത്തനംതിട്ടയിൽ നിന്നും ഇടുക്കിയിൽ നിന്നും മന്ത്രിയുണ്ടാവുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. എന്നാൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ ജില്ലയായ എറണാകുളത്തു നിന്ന് ആർക്ക് നറുക്കുവീഴുമെന്നത് ശ്രദ്ധേയമാണ്. അതുപോലെ മന്ത്രിസഭാ രൂപീകരണത്തിൽ കോൺഗ്രസ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി രമേശ് ചെന്നിത്തലയുടെ പദവി നിശ്ചയിക്കലും കസേരക്കളിയിൽ വീണ കെസി വേണുഗോപാൽ പക്ഷത്തിന് പ്രാതനിധ്യം കൊടുക്കലുമാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒന്നിലധികം തവണ പരിഗണിക്കപ്പെട്ട അദ്ദേഹത്തിന്റെ സീനിയോറിറ്റിയും പ്രവർത്തന പാരമ്പര്യവും കണക്കിലെടുക്കുമ്പോൾ മാറ്റിനിർത്താനാവില്ല.
മുസ്ലിം ലീഗ് മന്ത്രിമാരുടെ പേരും എണ്ണവും ഇപ്പോഴും പൂർണമായും വ്യക്തമല്ല. കുഞ്ഞാലിക്കുട്ടിയുടെ കാര്യത്തിൽ മാത്രമാണ് ഉറപ്പ് പറയാനാവുക. ഉപമുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചും വ്യക്തമായ അറവില്ല ഇപ്പോൾ. യു.ഡി.എഫ്. യോഗത്തിനായി സാദിഖലി തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും ഉൾപ്പെടെയുള്ള നേതാക്കൾ ഉടൻ തിരുവനന്തപുരത്തെത്തും. കഴിഞ്ഞ യു.ഡി.എഫ്. സർക്കാരിലേതു പോലെ അഞ്ച് മന്ത്രിസ്ഥാനം തന്നെ വേണമെന്നതാണ് ലീഗിന്റെ ആവശ്യം. വിദ്യാഭ്യാസമടക്കം മുൻ സർക്കാരുകളിൽ കൈകാര്യം ചെയ്ത വകുപ്പുകൾ വേണമെന്നാണ് താത്‌പര്യം. യു.ഡി.എഫിലെ ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമായിരിക്കും ഇക്കാര്യങ്ങളിൽ അന്തിമതീരുമാനം. നാലുമന്ത്രി സ്ഥാനമാണ് ലഭിക്കുന്നതെങ്കിൽ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ആവശ്യപ്പെട്ടേക്കും.
കുഞ്ഞാലിക്കുട്ടിക്ക് പുറമെ എൻ. ഷംസുദ്ദീൻ, പി.കെ. ബഷീർ, ആബിദ് ഹുസൈൻ തങ്ങൾ, കെ.എം. ഷാജി, പാറയ്ക്കൽ അബ്ദുല്ല, എം.കെ.എം. അഷ്‌റഫ് എന്നിവരുടെ പേരുകളാണ് മന്ത്രിസ്ഥാനത്തേക്ക് സജീവപരിഗണനയിലുള്ളത്. ഇതിൽ കെഎം ഷാജിയുടെ മന്ത്രിസ്ഥാനത്തെ പറ്റി വിവാദങ്ങളും കൊഴുക്കുന്നുണ്ട്. പ്രത്യേകിച്ച് ഷാജിയുടെ മുൻകാല തീവ്ര ഇസ്ലാമിക് വർഗീയ പരാമർശങ്ങളെ ഓർമിപ്പിച്ചാണ് എതിർപ്പുകൾ വരുന്നത്. മതം തന്നെയാണ് പ്രശ്നമെന്ന് പറയുന്ന ഒരാളെ കേരളത്തിന്റെ മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്നതിലെ അനൗചിത്യവും ചർച്ചയാകുന്നുണ്ട്. ലീഗിനുള്ളിൽ തന്നെ ഷാജിയോട് താൽപര്യക്കുറവുള്ള ഒരു വിഭാഗമുണ്ട്. പ്രത്യേകിച്ച് പികെ ഫിറോസുമായുള്ള അഭിപ്രായ ഭിന്നതകൾ എങ്ങനെ ബാധിക്കുമെന്നത് തലവേദനയാണ്. പാർട്ടി വേദികളിലല്ലാതെ പാർട്ടിക്കെതിരെ വിമർശനം ഉന്നയിച്ച വിഷയത്തിൽ ഇരുവരും കൊമ്പുകോർത്തിട്ടുള്ളതാണ്.
ഒപ്പം കഴിഞ്ഞ ദിവസം, വിദ്യാഭ്യാസ വകുപ്പ് ഒരു കാരണവശാലും കോൺഗ്രസിന് വിട്ടുകൊടുക്കുന്ന പ്രശ്നമില്ല എന്ന അദ്ദേഹത്തിന്റെ പരാമർശം, ഷാജി തന്നെ ഇനി വിദ്യാഭ്യാസ മന്ത്രിയായി വരുമോ എന്ന തരത്തിൽ വരെ ചർച്ചകളെ എത്തിച്ചു. അതുപോലെ തങ്ങൾ അധികാരത്തിൽ വരുന്നത് സമുദായത്തിന് വേണ്ടിയാണെന്ന തരത്തിലുള്ള അദ്ദേഹത്തിന്റെ പരാമർശങ്ങൾ ബിജെപി ആയുധമാക്കാനും ഭൂരിപക്ഷ ഏകീകരണത്തിലേക്ക് നയിക്കാനും വരെ കാരണമായേക്കാം.
അതേസമയം രണ്ട് മന്ത്രി സ്ഥാനം വേണമെന്നാണ് കേരള കോൺഗ്രസ് ജോസഫ് പക്ഷം ആവശ്യപ്പെടുന്നത്. തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകൾ കോൺഗ്രസിന് വിട്ടുകൊടുത്ത് അഡ്ജസ്റ്റ്മെന്റ് ചെയ്തില്ലേ എന്ന വാദമാവും അവർ ഉന്നയിക്കുക. ഒപ്പം ഏഴ് എംഎൽഎമാർ ഉണ്ട് എന്നതും മുൻതൂക്കം നൽകും. ഇത് കൂടി പരിഗണിച്ച് രണ്ട് മന്ത്രിസ്ഥാനമെന്ന ആവശ്യം ജോസഫ് പക്ഷം ഉന്നയിക്കുന്നത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിൽ കേരള കോൺഗ്രസിന് രണ്ട് മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയും ലഭിച്ചിരുന്നു. ഇത്തവണ ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയും നൽകി കേരള കോൺഗ്രസിനെ അനുനയിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. രണ്ട് സീറ്റുകൾ വിട്ടുകൊടുത്ത പശ്ചാത്തലത്തിൽ ഇതിന് വഴങ്ങുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. മോൻസ് ജോസഫ് മന്ത്രിയാകാനുള്ള സാധ്യത കൂടുതലാണ്. രണ്ടാം മന്ത്രി സ്ഥാനം കിട്ടുകയാണെങ്കിൽ തോമസ് ഉണ്ണിയാടൻ, പി.ജെ. ജോസഫിന്റെ മകൻ കൂടിയായ അപു ജോൺ ജോസഫ് എന്നിവരിൽ ആരെങ്കിലും മന്ത്രിയാകാനാണ് സാധ്യത.
എന്തായാലും വരും മണിക്കൂറുകളിൽ മന്ത്രിസഭയെ കുറിച്ചുള്ള വ്യക്തമായ ചിത്രം രാഷ്ട്രീയ കേരളത്തിന് മുന്നിൽ തെളിഞ്ഞു വരും. അതിന് ശേഷം തിങ്കളാഴ്ച്ച മുഖ്യമന്ത്രി വിഡി സതീശനൊപ്പം മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തേക്കും.






