കാസർകോട്: സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിക്കുന്നതിൽ കാലതാമസം നേരിടുന്നതായി ആരോപിച്ച് സംസ്ഥാന വ്യാപകമായി മഹിളാ മോർച്ചയുടെ പ്രതിഷേധം. ഇതിന്റെ ഭാഗമായി കോഴിക്കോട്, കാസർകോട് കെഎസ്ആർടിസി ടെർമിനലുകളിൽ മഹിളാ മോർച്ചയും ബിജെപി പ്രവർത്തകരും ബസുകളിൽ കയറി പ്രതിഷേധം സംഘടിപ്പിച്ചു.
കാസർകോട് കെഎസ്ആർടിസി ടെർമിനൽ ഉപരോധിച്ച നേതാക്കളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എന്നാൽ പ്രവർത്തകർ സമരം തുടർന്നു. ജില്ലാ നേതാക്കളെ ഉൾപ്പെടെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പ്രവർത്തകർ കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
മെയ് 15 മുതൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്നായിരുന്നു യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം. ഇന്ന് മെയ് 15 ആയതിനാൽ വാഗ്ദാനം ഉടൻ നടപ്പിലാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
അതേസമയം, തിരഞ്ഞെടുപ്പിന് പിന്നാലെ കേരളത്തിൽ പുതിയ സർക്കാർ ഇതുവരെ അധികാരമേൽക്കാത്ത സാഹചര്യത്തിലാണ് മഹിളാ മോർച്ചയുടെ പ്രതിഷേധം. പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിസഭാ യോഗം ചേർന്ന് ഔദ്യോഗിക തീരുമാനമെടുത്ത ശേഷമേ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കാനാകൂ.






