ലിസ്ബണ്‍: പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കുന്നതിന്റെ വ്യക്തമായ സൂചന നൽകി പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. 2026-27 സീസൺ തന്റെ കരിയറിലെ അവസാന സീസണാകാൻ സാധ്യതയുണ്ടെന്നാണ് 41കാരനായ റൊണാൾഡോ പ്രതികരിച്ചത്. വിരമിക്കുന്നതിന് മുമ്പ് ചരിത്രത്തിലെ സുപ്രധാന നേട്ടങ്ങളിലൊന്നായ 1,000 കരിയർ ഗോളെന്ന ലക്ഷ്യമാണ് താരത്തിന് മുന്നിലുള്ളത്.
ക്ലബ്ബിനും രാജ്യത്തിനുമായി ഇതുവരെ 1,330 മത്സരങ്ങളിൽ നിന്ന് 976 ഗോളുകൾ നേടിയ റൊണാൾഡോയ്ക്ക് 1,000 ഗോളെന്ന ചരിത്രനേട്ടത്തിലെത്താൻ ഇനി 24 ഗോളുകൾ കൂടി വേണം. കരിയറിന് വിരാമമിടുന്നതിന് മുമ്പ് തന്റെ പാരമ്പര്യം അവശേഷിപ്പിക്കുകയാണ് ലക്ഷ്യമെന്നും താരം വ്യക്തമാക്കി.
ദേശീയ ടീമിൽ നിന്ന് വിരമിക്കുന്ന തീരുമാനം മുൻകൂട്ടി പ്രഖ്യാപിക്കില്ലെന്നും പെട്ടെന്നുള്ളതായിരിക്കുമെങ്കിലും ഏറെ ആലോചിച്ചെടുത്ത തീരുമാനമായിരിക്കുമെന്നും റൊണാൾഡോ പറഞ്ഞു. ഫുട്ബോൾ പരിശീലകനാകാൻ താൽപ്പര്യമില്ലെന്നും വിരമിച്ച ശേഷമുള്ള ജീവിതത്തിൽ മറ്റ് മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.
സൗദി പ്രോ ലീഗിൽ അൽ നസ്‌റിനൊപ്പമുള്ള റൊണാൾഡോയുടെ പ്രകടനം ഇപ്പോഴും മികച്ച നിലയിലാണ്. കഴിഞ്ഞ സീസണിൽ സൗദി ലീഗിൽ 28 ഗോളുകൾ നേടിയ താരം ഗോൾവേട്ടക്കാരിൽ മൂന്നാം സ്ഥാനത്തെത്തി. എല്ലാ ടൂർണമെന്റുകളിലുമായി 39 ഗോളുകളാണ് താരം നേടിയത്.
സ്പോർട്ടിങ് ലിസ്ബണിലൂടെ സീനിയർ കരിയർ ആരംഭിച്ച റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ് തുടങ്ങിയ വമ്പൻ ക്ലബ്ബുകൾക്കായി കളിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിലെ രണ്ടാം വരവിന് ശേഷം 2023ലാണ് അൽ നസ്‌റിലെത്തിയത്.
പരിശീലക സ്ഥാനത്തേക്കില്ല; ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കും
വിരമിച്ച ശേഷവും ഫുട്ബോളുമായി ബന്ധപ്പെട്ട് തുടരുമെന്ന് നേരത്തെ സൂചന നൽകിയിരുന്നെങ്കിലും പരിശീലകനാകാൻ താൽപ്പര്യമില്ലെന്ന് റൊണാൾഡോ വ്യക്തമാക്കി. ഭാവിയിൽ ഒരു ഫുട്ബോൾ ക്ലബ്ബിന്റെ ഉടമയാകുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും താരം നേരത്തെ വ്യക്തമാക്കിയിരുന്നു. ഫുട്ബോളിന് ശേഷമുള്ള കാലത്ത് ബിസിനസ് ഉൾപ്പെടെയുള്ള മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് റൊണാൾഡോയുടെ പദ്ധതി.




