പത്തനംതിട്ട: ചിങ്ങമാസ പൂജകൾക്കായി ശബരിമല ശ്രീധർമശാസ്താ ക്ഷേത്രനട തുറന്നു. തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നട തുറന്ന് ശ്രീകോവിലിൽ ദീപം തെളിയിച്ചു. തുടർന്ന് പതിനെട്ടാം പടിക്ക് താഴെ അഗ്നി പകർന്നു.
ചിങ്ങം ഒന്നായ ഇന്ന് പുലർച്ചെ അഞ്ചുമണിമുതൽ ഭക്തർക്ക് ദർശനത്തിനായി നട തുറന്നു. ചിങ്ങം ഒന്നുമുതൽ വൈകിട്ട് ദീപാരാധനയ്ക്കുശേഷം പതിനെട്ടാം പടിയിൽ പടിപൂജയും നടക്കും.
ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി ഓഗസ്റ്റ് 21ന് രാത്രി പത്തിന് ശബരിമല നട അടയ്ക്കും. തുടർന്ന് തിരുവോണ പൂജകൾക്കായി ഓഗസ്റ്റ് 24ന് വൈകിട്ട് നട വീണ്ടും തുറക്കും.
ശബരിമല ഉൾക്കഴകത്തെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പും പമ്പാ ഗണപതി ക്ഷേത്രം മേൽശാന്തി തിരഞ്ഞെടുപ്പും ചൊവ്വാഴ്ച നടക്കും. രാവിലെ ഉഷപൂജയ്ക്ക് ശേഷമായിരിക്കും തിരഞ്ഞെടുപ്പ്. മേൽശാന്തിയെ പൂജാകാര്യങ്ങളിൽ സഹായിക്കുകയാണ് ഉൾക്കഴകത്തിന്റെ പ്രധാന ചുമതല.
ചിങ്ങമാസ പൂജകളുടെ ഭാഗമായി ശബരിമല ദർശനത്തിന് എത്തുന്ന ഭക്തർ വെർച്വൽ ക്യൂ വഴി മുൻകൂട്ടി ബുക്കിങ് നടത്തണം. ശബരിമല ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് ദർശന സ്ലോട്ട് ഉറപ്പാക്കേണ്ടത്.




