കണ്ണൂർ: എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് പങ്കെടുക്കേണ്ടിയിരുന്ന പരിപാടിക്ക് കണ്ണൂർ സർവകലാശാലയുടെ വിലക്ക്. സർവകലാശാലയുടെ പാലയാട് ക്യാമ്പസ് യൂണിയൻ സംഘടിപ്പിക്കുന്ന ഷീ ഫെസ്റ്റിനാണ് വൈസ് ചാൻസലർ അനുമതി നിഷേധിച്ചത്.
ഡൽഹിയിലെ ജന്തർമന്ദർ സമരത്തിന് നേതൃത്വം നൽകിയ ഐഷി ഘോഷിനെയാണ് ഷീ ഫെസ്റ്റിൽ മുഖ്യാതിഥിയായി നിശ്ചയിച്ചിരുന്നത്. പരിപാടിക്കായി നേരത്തെ നിശ്ചയിച്ചിരുന്ന സെമിനാർ ഹാൾ അനുവദിക്കില്ലെന്ന് ക്യാമ്പസ് ഡയറക്ടർ സംഘാടകരെ അറിയിച്ചു.
വൈസ് ചാൻസലറുടെയോ രജിസ്ട്രാറുടെയോ മുൻകൂർ അനുമതി നേടിയ ശേഷമേ പരിപാടിക്ക് ഹാൾ അനുവദിക്കൂവെന്നും ക്യാമ്പസ് ഡയറക്ടർ വ്യക്തമാക്കി.
അതേസമയം, വൈസ് ചാൻസലറുടെ നടപടിക്കെതിരെ എസ്എഫ്ഐ രംഗത്തെത്തി. സർവകലാശാലയുടെ വിലക്ക് മറികടന്ന് ഷീ ഫെസ്റ്റ് നടത്താനാണ് എസ്എഫ്ഐ നേതൃത്വം നൽകുന്ന പാലയാട് ക്യാമ്പസ് യൂണിയന്റെ തീരുമാനം. പരിപാടിയുമായി മുന്നോട്ട് പോകുമെന്ന് ക്യാമ്പസ് യൂണിയൻ വ്യക്തമാക്കി.




