തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് യൂണിഫോം നിർബന്ധമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി. ഓഗസ്റ്റ് 21ന് നടക്കുന്ന ഓണാഘോഷത്തിൽ കുട്ടികൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാമെന്ന് മന്ത്രി അറിയിച്ചു. ഇതുസംബന്ധിച്ച് സ്കൂളുകൾക്ക് ആവശ്യമായ നിർദേശം നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി.
ഓണാഘോഷം നടക്കുന്നതിനാൽ ഓഗസ്റ്റ് 21ന് നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ നേരത്തെ മാറ്റിവെച്ചിരുന്നു. ഓണാവധിക്ക് ശേഷമായിരിക്കും പുതുക്കിയ തീയതിയിൽ പരീക്ഷ നടത്തുക. ഓണാഘോഷത്തിനിടയിൽ വിദ്യാർഥികൾക്ക് പരീക്ഷ എഴുതേണ്ട സാഹചര്യം ഒഴിവാക്കണമെന്ന ആവശ്യം ശക്തമായതിനെ തുടർന്നാണ് പരീക്ഷ മാറ്റിയത്.
ഓഗസ്റ്റ് 21നാണ് സംസ്ഥാനത്തെ സ്കൂളുകളിൽ ഓണാഘോഷം നടക്കുക. അന്നുതന്നെ സ്കൂളുകൾ ഓണാവധിക്കായി അടയ്ക്കും. ഓഗസ്റ്റ് 22 മുതൽ 30 വരെയാണ് ഇത്തവണ സർക്കാർ ഓണാവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഓണാവധിക്ക് ശേഷം ഓഗസ്റ്റ് 31ന് സ്കൂളുകൾ വീണ്ടും തുറക്കും.
എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലെ ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 13ന് ആരംഭിച്ച് ഓഗസ്റ്റ് 20ന് അവസാനിക്കും. പതിവിൽനിന്ന് വ്യത്യസ്തമായി ഇത്തവണ പത്ത് ദിവസത്തിന് പകരം ഒൻപത് ദിവസമാണ് ഓണാവധി ലഭിക്കുക.




