ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കിയ കൂട്ടബലാത്സംഗക്കേസിൽ യുവതി നേരിട്ടത് ക്രൂര പീഡനം. ബസ് കാത്തുനിന്ന യുവതിയെ കബളിപ്പിച്ച് വാഹനത്തിനുള്ളിലേക്ക് വിളിച്ചുകയറ്റിയ ശേഷം ഓടിക്കൊണ്ടിരുന്ന ബസിൽ വെച്ച് രണ്ടുപേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു.
സഹോദരന്റെ വീട് മാറാൻ സഹായിച്ചതിന് ശേഷം മടങ്ങിവരുന്നതിനിടെയാണ് സംഭവം. ഔട്ടർ റിങ് റോഡിലെ സരസ്വതി വിഹാർ ഭാഗത്ത് ബസ് കാത്തുനിൽക്കുമ്പോൾ സമയം ചോദിച്ച യുവതിയോട് ബസിനുള്ളിലേക്ക് കയറി സംസാരിക്കാൻ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. അകത്ത് കയറിയ ഉടൻ ബസ് മുന്നോട്ടെടുത്തു.
ബസിലുണ്ടായിരുന്ന ഒരാൾ യുവതിയെ പിൻഭാഗത്തേക്ക് തള്ളിക്കൊണ്ടുപോയി പീഡിപ്പിച്ചു. തുടർന്ന് നംഗ്ലോയ് റെയിൽവേ സ്റ്റേഷനു സമീപം വാഹനം നിർത്തിയ ശേഷം ഡ്രൈവറും ആക്രമണം നടത്തിയതായാണ് പരാതി.
തനിക്കെതിരെ നടന്ന കാര്യങ്ങൾ ആരോടും പറയില്ലെന്നും വീട്ടിൽ രോഗിയായ ഭർത്താവും മൂന്ന് പെൺമക്കളും കാത്തിരിക്കുകയാണെന്നും പറഞ്ഞ് യുവതി കരഞ്ഞ് അപേക്ഷിച്ചതിനെ തുടർന്നാണ് പ്രതികൾ വിട്ടയച്ചത്. രക്ഷപ്പെട്ട ഉടൻ യുവതി പൊലീസിനെ വിവരം അറിയിച്ചു.
സംഭവസ്ഥലത്തെത്തിയ പൊലീസ് പ്രതികളിലൊരാളെ അവിടെ നിന്നുതന്നെ പിടികൂടി. രക്തസ്രാവമുണ്ടായിരുന്ന യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും കുടുംബ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ യുവതി തയ്യാറായില്ലെന്നാണ് റിപ്പോർട്ട്.
ഉത്തർപ്രദേശ് സ്വദേശികളായ ഉമേഷ് കുമാർ, രാമേന്ദ്ര കുമാർ എന്നിവരാണ് കേസിലെ പ്രതികൾ. രക്ഷപ്പെട്ട ഡ്രൈവറെയും പിന്നീട് പൊലീസ് പിടികൂടി. ഇരുവരെയും അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.






