ന്യൂഡൽഹി: മധ്യപ്രദേശിലെ ധറിലുള്ള ഭോജ് ശാല ക്ഷേത്രം-കമാൽ മൗല പള്ളി സമുച്ചയവുമായി ബന്ധപ്പെട്ട തർക്കത്തിൽ മധ്യപ്രദേശ് ഹൈക്കോടതി നിർണായക വിധി പുറപ്പെടുവിച്ചു. തർക്കസ്ഥലം ക്ഷേത്രഭൂമിയാണെന്ന് പ്രഖ്യാപിച്ച കോടതി, ജസ്റ്റിസ് വിജയ് കുമാർ ശുക്ലയും ജസ്റ്റിസ് അലോക് ആവാസ്തിയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
തർക്കസ്ഥലത്ത് ഹിന്ദു ആരാധന തുടർച്ചയായി നടന്നുവരുന്നതായി കോടതി നിരീക്ഷിച്ചു. രേഖകളും ചരിത്രപരമായ തെളിവുകളും പരിശോധിച്ചപ്പോൾ സ്ഥലം ഭോജ് ശാലയാണെന്ന് വ്യക്തമായതായി കോടതി വ്യക്തമാക്കി. മുസ്ലിംകൾക്ക് പള്ളി നിർമിക്കണമെങ്കിൽ സംസ്ഥാന സർക്കാരിനെ സമീപിച്ച് പ്രത്യേക സ്ഥലം കണ്ടെത്താമെന്നും കോടതി നിർദേശിച്ചു.
ഇന്ത്യൻ പുരാവസ്തു സർവേയുടെ സംരക്ഷണത്തിലുള്ള 11-ാം നൂറ്റാണ്ടിലെ സ്മാരകമാണ് ഭോജ് ശാല. ഹിന്ദുക്കൾ ഇത് സരസ്വതി ദേവിക്ക് സമർപ്പിച്ച ക്ഷേത്രമായാണ് കണക്കാക്കുന്നത്. അതേസമയം, മുസ്ലിംകൾ കമാൽ മൗല പള്ളിയായാണ് ഈ സ്ഥലം വിശേഷിപ്പിക്കുന്നത്.
2003-ലെ കരാർ പ്രകാരം ഭോജ് ശാല സമുച്ചയത്തിൽ ചൊവ്വാഴ്ചകളിൽ ഹിന്ദുക്കൾക്ക് പൂജ നടത്താനും വെള്ളിയാഴ്ചകളിൽ മുസ്ലിംകൾക്ക് നമസ്‌കാരം നിർവഹിക്കാനുമായിരുന്നു അനുമതി നൽകിയിരുന്നത്.






