ഹൈദരാബാദ്: ക്യാബ് ഡ്രൈവറെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭാര്യയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. കോഹെഡ സ്വദേശിയായ 28കാരൻ പി. ഗോവർദ്ധൻ മെയ് 12-നാണ് സ്വന്തം വീട്ടിൽ ആത്മഹത്യ ചെയ്തത്. ഗോവർദ്ധന്റെ അമ്മ പി. മഹേശ്വരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹയാത്ത് നഗർ പൊലീസ് നടപടി സ്വീകരിച്ചത്.
ഡ്യൂട്ടി കഴിഞ്ഞ് രാവിലെ വീട്ടിലെത്തിയ ഗോവർദ്ധൻ മുറിയിലേക്ക് പോയ ശേഷം വൈകുന്നേരമായിട്ടും പുറത്തിറങ്ങിയില്ല. ഫോൺ സ്വിച്ച് ഓഫ് ആയതോടെ സംശയം തോന്നിയ സഹോദരി വാതിൽ തുറന്ന് നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും സെൽഫി വിഡിയോകളും പൊലീസ് കണ്ടെത്തി. സരിത എന്ന യുവതി വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചുവെന്നാണ് കുറിപ്പിൽ ആരോപിക്കുന്നത്. ഇരുവരും വർഷങ്ങൾ മുമ്പ് രഹസ്യമായി വിവാഹിതരായിരുന്നുവെന്നും അവർക്കൊരു മകനുണ്ടായിരുന്നുവെന്നും, പിന്നീട് കുഞ്ഞിനെ മറ്റൊരാൾക്ക് നൽകിയ ശേഷം സരിത മറ്റൊരു വിവാഹം കഴിച്ചുവെന്നുമാണ് വിഡിയോയിലെ ആരോപണം.
പരാതിയുടെ അടിസ്ഥാനത്തിൽ ബി.എൻ.എസ് സെക്ഷൻ 108 പ്രകാരം സരിതയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസെടുത്തു. ഗോവർദ്ധന്റെ മൊബൈൽ ഫോൺ പിടിച്ചെടുത്ത പൊലീസ്, ഫൊറൻസിക് പരിശോധനയ്ക്ക് അയക്കുമെന്ന് അറിയിച്ചു. കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.






