കൊല്ലം: കൊറിയർ സർവീസ് വഴി മാരക രാസലഹരിമരുന്നായ എം.ഡി.എം.എ കടത്തിയ യുവാവിനെ കൊല്ലം സിറ്റി പോലീസ് പിടികൂടി. പട്ടത്താനം മൈത്രി നഗർ–23 ശാന്തഭവനിൽ വിഷ്ണുലാൽ (25) ആണ് സിറ്റി ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 101.07 ഗ്രാം എം.ഡി.എം.എ പോലീസ് പിടിച്ചെടുത്തു.
കൊറിയർ വഴി നഗരത്തിൽ വ്യാപകമായി ലഹരിമരുന്ന് വിതരണം നടക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചത്. ഇതിന്റെ ഭാഗമായി വിഷ്ണുലാൽ കുറച്ച് നാളുകളായി ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
മധ്യപ്രദേശിലെ ഇൻഡോറിൽ നിന്ന് കൊല്ലം ഓലയിൽക്കടവിലെ സുഹൃത്തിന്റെ വിലാസത്തിലേക്ക് പാഴ്സൽ അയച്ചതായി വിവരം ലഭിച്ചതോടെയാണ് പ്രതിയെ പിടികൂടാനുള്ള നീക്കം ശക്തമാക്കിയത്. തുടർന്ന് കൊല്ലം കടപ്പാക്കടയിൽ ബസിൽ എത്തിയ വിഷ്ണുലാലിനെ എസ്.ഐ വിനോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കയ്യോടെ പിടികൂടുകയായിരുന്നു.
ഓലയിൽക്കടവിലെ സുഹൃത്തിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് പാഴ്സലിൽ ഒളിപ്പിച്ച നിലയിൽ എം.ഡി.എം.എ കണ്ടെത്തിയത്. ലഹരിമരുന്നിന്റെ ഉറവിടവും മറ്റ് ബന്ധങ്ങളും സംബന്ധിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. എസ്.ഐമാരായ മിഥുൻ, കണ്ണൻ, വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.






