ജോധ്പൂർ: കൂട്ടബലാത്സംഗത്തിനും ബ്ലാക്ക്‌മെയിലിംഗിനും ഇരയായ യുവതിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ, നീതി ലഭിക്കാത്തതിൽ മനംനൊന്ത് അതേ കുടുംബത്തിലെ ഇളയ സഹോദരിയും ജീവനൊടുക്കി.
രാജസ്ഥാനിലെ ജോധ്പൂരിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കി.
ഗ്രാമീണ മേഖലയിലാണ് രണ്ട് സഹോദരിമാരുടെ ദുരന്തപര്യവസാനം ഉണ്ടായത്. ആദ്യമായി മാർച്ചിൽ മൂത്ത സഹോദരി വർഷങ്ങളായുള്ള ലൈംഗിക ചൂഷണത്തിനും ഭീഷണിക്കും പിന്നാലെ ആത്മഹത്യ ചെയ്തിരുന്നു. തുടർന്ന് പരാതി നൽകിയിട്ടും ഫലപ്രദമായ നടപടി ഉണ്ടായില്ലെന്ന ആരോപണത്തിനിടയിലാണ് ഇളയ സഹോദരിയും ആത്മഹത്യ ചെയ്തത്.
മഹിപാൽ എന്ന യുവാവ് മൂത്ത സഹോദരിയെ കുടുക്കി സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്‌മെയിൽ ചെയ്തുവെന്നാണ് പരാതി. ഇയാളും കൂട്ടാളികളും ചേർന്ന് ഏകദേശം നാല് വർഷത്തോളം യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തതായും ആരോപണമുണ്ട്. ശിവരാജ്, ഗോപാൽ, വിജാറാം, ദിനേഷ്, മനോജ്, പുഖ്‌രാജ് ഉൾപ്പെടെ എട്ട് പേരുടെ പേരുകൾ പരാതിയിൽ ഉൾപ്പെടുത്തിയിരുന്നു.
മൂത്ത സഹോദരിയുടെ മരണത്തിന് പിന്നാലെയും പ്രതികൾ ഭീഷണിയും ചൂഷണവും തുടർന്നുവെന്നാണ് ഇളയ സഹോദരിയുടെ ആരോപണം. സഹോദരിയുടെ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും തനിക്കെതിരെയും പീഡനം നടന്നതായും യുവതി പൊലീസിൽ പരാതി നൽകിയിരുന്നു.
എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടും പ്രതികൾക്കെതിരെ ശക്തമായ നടപടി ഉണ്ടായില്ലെന്ന ആരോപണം ശക്തമാണ്. കഴിഞ്ഞ ദിവസം പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യുവതി വിഷം കഴിച്ച് ജീവനൊടുക്കുകയായിരുന്നു.
സംഭവം പ്രദേശത്ത് വ്യാപക പ്രതിഷേധത്തിന് കാരണമായി. മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രിക്ക് മുന്നിൽ ജനങ്ങൾ പ്രതിഷേധവുമായി എത്തി. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യങ്ങൾ ഉയർന്നിട്ടുണ്ട്.
അതേസമയം, മഹിപാൽ ഉൾപ്പെടെ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ജോധ്പൂർ എസ്‌പി പി.ഡി. നിത്യ അറിയിച്ചു. സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.






