വാഷിംഗ്ടൺ: റഷ്യൻ എണ്ണയ്ക്ക് അനുവദിച്ചിരുന്ന താൽക്കാലിക ഉപരോധ ഇളവുകൾ ഇനി നീട്ടേണ്ടതില്ലെന്ന് യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റ് തീരുമാനിച്ചു. നിശ്ചിത കാലാവധി ശനിയാഴ്ച അവസാനിച്ചതോടെയാണ് ഇളവ് അവസാനിപ്പിച്ചത്. ഇതോടെ കടലിൽ കപ്പലുകളിൽ സൂക്ഷിച്ചിരിക്കുന്ന റഷ്യൻ അസംസ്‌കൃത എണ്ണ വാങ്ങുന്നതിൽ നിന്ന് ആഗോള ഇന്ധന ഇറക്കുമതിക്കാർക്ക് അമേരിക്ക വിലക്ക് ഏർപ്പെടുത്തി.
പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തെ തുടർന്ന് ആഗോള ഊർജ്ജ വിപണിയിൽ ഉണ്ടായ വിതരണ പ്രതിസന്ധിയും വിലക്കയറ്റവും നിയന്ത്രിക്കാനായിരുന്നു ട്രംപ് ഭരണകൂടം ഒരു മാസം നീണ്ട അടിയന്തര ഇളവ് അനുവദിച്ചത്. ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തിയ വ്യോമാക്രമണങ്ങൾക്ക് പിന്നാലെ ഹോർമുസ് കടലിടുക്ക് അടച്ചതോടെ അന്താരാഷ്ട്ര ഇന്ധന വ്യാപാരം പ്രതിസന്ധിയിലായിരുന്നു. ഇതാണ് ലോക വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമായത്.
പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ കടലിൽ കെട്ടിക്കിടന്ന റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യ ഉൾപ്പെടെയുള്ള പ്രധാന ഉപഭോക്തൃ രാജ്യങ്ങൾക്ക് അമേരിക്ക അനുമതി നൽകിയിരുന്നു. ഇളവിന്റെ കാലയളവിൽ ഇന്ത്യ പ്രതിദിനം 2.3 ദശലക്ഷം ബാരൽ റഷ്യൻ എണ്ണ വാങ്ങിയതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇളവ് അവസാനിച്ചതോടെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ പുതിയ ഇന്ധന സ്രോതസ്സുകൾ തേടേണ്ട സാഹചര്യമാണുള്ളത്.
അമേരിക്കയുടെ പുതിയ തീരുമാനം ആഗോള എണ്ണവിതരണം വീണ്ടും ചുരുങ്ങാൻ ഇടയാക്കുമെന്നും ഇതോടെ ഇന്ധനവില വീണ്ടും ഉയരാനിടയുണ്ടെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. യുദ്ധം ആരംഭിച്ചതിന് ശേഷം അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലാണ് തുടരുന്നത്. അമേരിക്കയിൽ പെട്രോൾ വില ഗാലണിന് ശരാശരി 4.50 ഡോളറിലെത്തിയിട്ടുണ്ട്. പുതിയ ഉപരോധം കർശനമായി നടപ്പിലാക്കിയാൽ ആഗോള എണ്ണവിലയിൽ വീണ്ടും വർധനയുണ്ടാകാമെന്നാണ് അന്താരാഷ്ട്ര ഏജൻസികളുടെ വിലയിരുത്തൽ.






