തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതിയെ തുടർന്ന് സ്വകാര്യ ബസ് മേഖലയ്ക്ക് ഉണ്ടായ സാമ്പത്തിക ആഘാതം പഠിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കും. ഇക്കാര്യം ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു. വിദ്യാർഥി കൺസഷൻ ഉൾപ്പെടെയുള്ള വിഷയങ്ങളും കമ്മിറ്റി പരിശോധിക്കുമെന്നും, കൺസഷൻ നിരക്കിൽ മാറ്റം വരുത്തേണ്ടതുണ്ടോയെന്ന കാര്യം വിദ്യാർഥി സംഘടനകളുമായി ചർച്ച ചെയ്ത ശേഷമായിരിക്കും തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.
വയനാട്ടിൽ ചില സ്വകാര്യ ബസുകൾ സർക്കാർ നിശ്ചയിച്ച നിരക്കിനേക്കാൾ കൂടുതൽ വിദ്യാർഥി കൺസഷൻ ഈടാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനിടെ സ്വകാര്യ ബസ് ഉടമകൾ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻ എൽഡിഎഫ് സർക്കാർ കാര്യമായ ഇടപെടൽ നടത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു. സ്വകാര്യ ബസ് മേഖലയ്ക്ക് നികുതി ഇളവ് പ്രഖ്യാപിച്ചത് യുഡിഎഫ് സർക്കാരാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രിയദർശിനി പദ്ധതി നിലവിൽ വന്നതിന് പിന്നാലെ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി സ്വകാര്യ ബസ് ഉടമകൾ ആരോപിക്കുന്നു. പ്രത്യേകിച്ച് അന്തർസംസ്ഥാന റൂട്ടുകളിലും ദീർഘദൂര സർവീസുകളിലും വലിയ വരുമാന നഷ്ടമാണ് നേരിടുന്നതെന്നാണ് ഇവരുടെ വാദം. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചില സ്വകാര്യ ബസുകൾ സർവീസ് നിർത്തുകയും ചെയ്തിട്ടുണ്ട്.
ഈ സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിൽ സ്വകാര്യ ബസുകൾ ഇന്ന് പണിമുടക്കുകയാണ്. സമാനമായി പത്തനംതിട്ട ജില്ലയിലും ബുധനാഴ്ച പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ പ്രധാന റൂട്ടുകളിലെല്ലാം സർവീസ് പ്രതിസന്ധി രൂക്ഷമാണെന്നും, നിരവധി ബസ് ജീവനക്കാർ മറ്റ് തൊഴിലുകൾ തേടിത്തുടങ്ങിയെന്നും ബസ് ഉടമകൾ പറയുന്നു. തൃശൂർ ജില്ലയിലും കൂട്ടത്തോടെ സ്വകാര്യ ബസുകൾ സർവീസ് അവസാനിപ്പിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. നേരത്തെ വയനാട്ടിൽ സ്വകാര്യ ബസ് ഉടമകൾ സൂചനാ പണിമുടക്കും സംഘടിപ്പിച്ചിരുന്നു.
പ്രിയദർശിനി പദ്ധതി ആരംഭിച്ചതിന് ശേഷം ഒരു ബസിന് പ്രതിദിനം ഏകദേശം 3,000 രൂപ വരെ നഷ്ടമുണ്ടാകുന്നതായാണ് ബസ് ഉടമകളുടെ കണക്ക്. ഈ സാഹചര്യം തുടർന്നാൽ കൂടുതൽ ബസുകൾ സർവീസ് നിർത്തേണ്ടിവരുമെന്നും ആയിരക്കണക്കിന് ജീവനക്കാരുടെ തൊഴിൽ തന്നെ അപകടത്തിലാകുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ഉടമകളും തൊഴിലാളി സംഘടനകളും ഉയർത്തിയിട്ടുണ്ട്.
അതേസമയം, പദ്ധതി കെഎസ്ആർടിസി ജീവനക്കാരെയും സമ്മർദത്തിലാക്കിയെന്നാണ് ജീവനക്കാരുടെ പരാതി. സൗജന്യ യാത്രാ പദ്ധതിയെ തുടർന്ന് ഓർഡിനറി ബസുകളിലെ യാത്രക്കാരുടെ എണ്ണം വൻതോതിൽ വർധിച്ചതോടെ ജോലിഭാരവും ഡ്യൂട്ടി സമയവും കൂടിയെന്നാണ് അവർ പറയുന്നത്. പല റൂട്ടുകളിലും റണ്ണിങ് ടൈം 15 മുതൽ 30 മിനിറ്റ് വരെ വർധിച്ചതായും, ഒരു ദിവസത്തെ ഷെഡ്യൂൾ പൂർത്തിയാക്കാൻ മുമ്പത്തേതിനേക്കാൾ ഏറെ സമയം ചെലവഴിക്കേണ്ടിവരുന്നതായും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.
തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ ഓർഡിനറി സർവീസുകൾ ആരംഭിക്കണമെന്നാണ് ജീവനക്കാരുടെ പ്രധാന ആവശ്യം. 64 യാത്രക്കാർക്ക് മാത്രം അനുമതിയുള്ള ബസുകളിൽ 140-ലധികം പേർ വരെ യാത്ര ചെയ്യുന്നതായി അവർ പറയുന്നു. വർഷങ്ങളുടെ പഴക്കമുള്ള ബസുകളിൽ അമിതഭാരം കയറ്റി സർവീസ് നടത്തുന്നത് സുരക്ഷാ ഭീഷണിയും വർധിപ്പിക്കുന്നുണ്ടെന്നും ജീവനക്കാർ ആശങ്ക പ്രകടിപ്പിക്കുന്നു. ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി കെഎസ്ആർടിസി സിഎംഡിക്ക് ഔദ്യോഗികമായി കത്ത് നൽകുമെന്ന് സിഐടിയു അറിയിച്ചു.











