കുവൈത്ത് സിറ്റി: കുവൈത്തിലെ അംഘാറയുടെ തെക്കൻ സ്ക്രാപ്യാർഡ് മേഖലയിൽ അധികൃതർ വ്യാപക പരിശോധന നടത്തി. പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രിയുടെ നേതൃത്വത്തിൽ ആഭ്യന്തര മന്ത്രാലയം, കുവൈത്ത് ഫയർ ഫോഴ്സ്, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിശോധന. റെയ്ഡിനിടെ നിരവധി തൊഴിലാളികൾ പിടിയിലാകുകയും വിവിധ നിയമലംഘനങ്ങളും ക്രമക്കേടുകളും കണ്ടെത്തുകയും ചെയ്തു.
അതേസമയം, മിർഖാബ് മേഖലയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളായ തമ്പാക്ക് (ഗുഡ്ക/ഖൈനി) വിൽപന നടത്തിയിരുന്ന കടയിൽ നടത്തിയ പരിശോധനയിൽ നാല് ഏഷ്യൻ പ്രവാസികളെ കസ്റ്റഡിയിലെടുത്തു. കാപ്പിറ്റൽ ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഇവരിൽ നിന്ന് 9,826 കുവൈത്ത് ദിനാറും അധികൃതർ പിടിച്ചെടുത്തു. പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘം ഒരു കടയ്ക്ക് മുന്നിൽ വലിയ തോതിൽ പ്രവാസി തൊഴിലാളികൾ തടിച്ചുകൂടിയിരിക്കുന്നത് ശ്രദ്ധിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
പൊലീസ് എത്തിയതോടെ പലരും സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് കടയുടമയെയും സഹായിയെയും മറ്റ് രണ്ട് പ്രവാസികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. നിരോധിത പുകയില ഉൽപ്പന്നങ്ങളും നിക്കോട്ടിൻ അടങ്ങിയ മറ്റ് വസ്തുക്കളും വാങ്ങാനായാണ് ആളുകൾ അവിടെ എത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി അധികൃതർ അറിയിച്ചു.






