മലപ്പുറം:പുതിയ യു.ഡി.എഫ്. മന്ത്രിസഭ അധികാരമേറ്റതിന് പിന്നാലെ മലബാർ മേഖലയിലെ വർഷങ്ങളായുള്ള പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് ശാശ്വത പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിൽ വിദ്യാർത്ഥി സമൂഹവും സ്കൂൾ മാനേജ്മെന്റുകളും. പുതിയ സർക്കാരിൽ വിദ്യാഭ്യാസ വകുപ്പ് മുസ്ലിം ലീഗിന് തന്നെ ലഭിച്ചതോടെ മലബാറിലെ വിദ്യാഭ്യാസ വിവേചനത്തിന് അറുതിയാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. മന്ത്രിസഭ അധികാരമേറ്റ് കഴിഞ്ഞയുടൻ തന്നെ ഈ വിഷയത്തിൽ അടിയന്തര ചർച്ചകൾ ആരംഭിക്കാനാണ് വിവിധ സ്കൂൾ മാനേജ്മെന്റ് സംഘടനകളുടെ നീക്കം. വടക്കൻ കേരളത്തിലെ കുട്ടികൾക്ക് ഉപരിപഠനത്തിന് അർഹതയുണ്ടായിട്ടും സ്വന്തം നാട്ടിൽ പഠിക്കാൻ സീറ്റില്ലാത്ത അവസ്ഥയ്ക്ക് പുതിയ മുഖ്യമന്ത്രി വി. ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണുമെന്നാണ് ജനങ്ങൾ കരുതുന്നത്.
കഴിഞ്ഞ വർഷങ്ങളിൽ വി.എച്ച്.എസ്.ഇ, പോളിടെക്നിക് തുടങ്ങി മുഴുവൻ ഉപരിപഠന സാധ്യതകൾ പരിഗണിച്ചിട്ടും വടക്കൻ കേരളത്തിലെ വലിയൊരു വിഭാഗം കുട്ടികൾക്ക് സീറ്റ് ലഭിക്കാതെ പുറത്തുനിൽക്കേണ്ടി വരുന്ന ദയനീയ അവസ്ഥയാണ് ഉണ്ടായത്. പ്രതിസന്ധി രൂക്ഷമാകുമ്പോൾ താല്ക്കാലിക ബാച്ചുകൾ അനുവദിച്ച് പ്രശ്നം താൽക്കാലികമായി ഒതുക്കിതീർക്കുന്ന മുൻ സർക്കാരുകളുടെ രീതിക്ക് പകരം, പുതിയ സ്ഥിരം ബാച്ചുകളും സ്കൂളുകളും അനുവദിക്കണമെന്നാണ് മലബാറിലെ വിവിധ വിദ്യാഭ്യാസ സംഘടനകൾ ആവശ്യപ്പെടുന്നത്. ഉയർന്ന മാർക്ക് വാങ്ങി വിജയിച്ചിട്ടും ഇഷ്ടപ്പെട്ട സ്കൂളോ കോഴ്സോ തിരഞ്ഞെടുക്കാൻ പല വിദ്യാർത്ഥികൾക്കും കഴിയാതെ പോകുന്നത് മലബാർ മേഖലയോട് കാണിക്കുന്ന വലിയ വിദ്യാഭ്യാസ വിവേചനമാണെന്ന ആരോപണം ശക്തമാണ്.
തെക്കൻ ജില്ലകളിൽ ഒരു ക്ലാസ് റൂമിൽ ശരാശരി 40 കുട്ടികൾ മാത്രം പഠിക്കുമ്പോൾ മലബാർ മേഖലയിൽ അത് 60 കുട്ടികൾ വരെയായി ഉയർന്നിരിക്കുകയാണ്. ഒരു ക്ലാസിൽ ഉൾക്കൊള്ളിക്കാവുന്നതിലും ഇരട്ടി കുട്ടികളെ ഇരുത്തി പഠിപ്പിക്കേണ്ടി വരുന്നത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെപ്പോലും സാരമായി ബാധിക്കുന്നുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ മുപ്പത് ശതമാനം വരെ ആനുപാതിക സീറ്റ് വർധനവ് നടപ്പാക്കിയപ്പോൾ ഒരു ക്ലാസിൽ 65 വിദ്യാർത്ഥികളെ വരെയാണ് കുത്തിക്കയറ്റി ഇരുത്തിയത്. സർക്കാർ നിശ്ചയിച്ച വിദഗ്ദ്ധ സമിതികൾ നിർദേശിച്ചതു പ്രകാരം ഒരു ബാച്ചിൽ പരമാവധി 50 വിദ്യാർത്ഥികളാണ് ഉണ്ടാകേണ്ടത്. എന്നാൽ ഇത് അട്ടിമറിക്കപ്പെടുന്നതോടെ വടക്കൻ കേരളത്തിലെ സ്കൂളുകളിൽ വിദ്യാർത്ഥി-അധ്യാപക അനുപാതവും പൂർണ്ണമായി താളം തെറ്റുന്ന അവസ്ഥയിലാണ്.
ഈ അവഗണനയ്ക്കെതിരെ മലബാർ മേഖലയിലെ ജനങ്ങൾക്കിടയിലും രക്ഷിതാക്കൾക്കിടയിലും വലിയ തോതിലുള്ള ജനകീയ പ്രതിഷേധം നിലനിന്നിരുന്നു. താൽക്കാലിക പരിഹാരങ്ങൾക്കപ്പുറം മലബാറിലെ സീറ്റ് ക്ഷാമത്തിന് ഒരു ശാശ്വത പരിഹാരം കാണാൻ പുതിയ വിദ്യാഭ്യാസ മന്ത്രിക്കും യു.ഡി.എഫ് സർക്കാരിനും സാധിക്കുമെന്നാണ് വിലയിരുത്തൽ. വരാനിരിക്കുന്ന അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപ് തന്നെ മലബാറിലെ പ്ലസ് ടു സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രി വി. ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അടിയന്തരവും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കുമെന്ന കടുത്ത പ്രതീക്ഷയിലാണ് മലബാറിലെ വിദ്യാർത്ഥി സമൂഹവും ജനങ്ങളും ഒന്നടങ്കം.






