ന്യൂഡൽഹി: ഇന്ത്യയുടെ ടി20 നായകനായി സൂര്യകുമാർ യാദവ് തുടരുമോ എന്നതിൽ ആശങ്ക നിലനിൽക്കുകയാണ്. സൂര്യക്ക് പകരം മലയാളി താരം സഞ്ജു സാംസണിനെ നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. നാളെ ഗുവാഹത്തിയിൽ നടക്കുന്ന യോഗത്തിൽ സെലക്ടർമാർ ഇക്കാര്യം ചർച്ച ചെയ്യും. പരിശീലകൻ ഗൗതം ഗംഭീറിന്റെ നിലപാടായിരിക്കും വിഷയത്തിൽ നിർണായകമാകാൻ പോകുന്നത്.
വരാനിരിക്കുന്ന അഫ്ഗാനിസ്ഥാൻ പരമ്പരയിലെ ടീമിനെ തിരഞ്ഞെടുക്കാനാണ് യോഗമെങ്കിലും ടി20 നായകസ്ഥാനവും ചർച്ചയായേക്കും. അഫ്ഗാനെതിരേ ഒരു ടെസ്റ്റ് മത്സരവും ഏകദിന പരമ്പരയുമാണ് ഇന്ത്യ കളിക്കുന്നത്. അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലെ ടീമുകളുടെ കാര്യത്തിലും ധാരണയായേക്കും. ഋഷഭ് പന്തിന്റെ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റൻ സ്ഥാനം സംബന്ധിച്ചും ചർച്ച നടന്നേക്കും. ഐപിഎല്ലിലെ ലഖ്‌നൗവിന്റെ നായകനായി താരത്തിന് തിളങ്ങാനായിരുന്നില്ല.
സമീപകാലത്തെ പ്രകടനംകൂടി കണക്കിലെടുത്താണ് സൂര്യകുമാറിന് പകരം സഞ്ജുവിനെ നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഐപിഎൽ 2026 സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സിൽ ചേർന്നതിന് ശേഷം സഞ്ജു സാംസൺ മികച്ച ബാറ്റിംഗ് ഫോം ആണ് പുറത്തെടുത്തത്. ഈ വർഷം ആദ്യം ഇന്ത്യ ടി20 ലോകകപ്പ് കിരീടം ചൂടിയപ്പോഴും സഞ്ജുവിന്റെ പ്രകടനം ചർച്ചയായിരുന്നു. 024-ലെ ടി20 ലോകകപ്പ് മുതൽ ടീമിന്റെ ഭാഗമായ സഞ്ജു, 62 അന്താരാഷ്ട്ര മത്സരങ്ങളിൽനിന്ന് മൂന്ന് സെഞ്ചുറികളും ആറ് അർധസെഞ്ചുറികളും ഉൾപ്പെടെ 1,399 റൺസ് നേടിയിട്ടുണ്ട്.






