ഫിലിപ്പീൻസ്: ഫിലിപ്പീൻസിലെ റിസോർട്ടിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ സുഹൃത്ത് സംഘം ടോയ്‌ലറ്റിനുള്ളിൽ കൂറ്റൻ പാമ്പിനെ കണ്ടതോടെ ഭീതിയിലായി. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. നോർത്തേൺ നെഗ്രോസ് നാച്ചുറൽ പാർക്കിനുള്ളിലെ സൽവദോർ ബെനഡിക്റ്റോയിൽ സ്ഥിതിചെയ്യുന്ന റിസോർട്ടിലാണ് സംഭവം നടന്നത്. അഞ്ച് സുഹൃത്തുക്കളാണ് ഇവിടെ താമസിച്ചിരുന്നത്.
ഇവരിൽ ഒരാൾ ബാത്ത്റൂമിൽ കയറിയപ്പോൾ ടോയ്‌ലറ്റ് ബൗളിനുള്ളിൽ കറുത്ത നിറത്തിലുള്ള വലിയ എന്തോ ഒന്നുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടു. ബ്ലോക്കായതാണെന്ന് കരുതി ഇയാൾ വീണ്ടും ഫ്ലഷ് ചെയ്തതോടെ പാമ്പ് പുറത്തേക്ക് വരികയായിരുന്നു. പെട്ടെന്നുണ്ടായ സംഭവത്തിൽ ഭയന്ന യുവാവ് പുറത്തേക്ക് ഓടി സുഹൃത്തുക്കളെ വിവരമറിയിച്ചു. ആദ്യം അവർ വിശ്വസിച്ചില്ലെങ്കിലും, പിന്നീട് ബാത്ത്റൂമിൽ എത്തി കണ്ടതോടെ എല്ലാവരും ഞെട്ടി.
തുടർന്ന് വടി ഉപയോഗിച്ച് ടോയ്‌ലറ്റ് മൂടി പതുക്കെ ഉയർത്തിയപ്പോൾ വെള്ളത്തിനടിയിൽ നിന്ന് പാമ്പ് തല ഉയർത്തുന്നതിന്റെ ദൃശ്യങ്ങൾ വീഡിയോയിൽ കാണാം. ഭയന്ന യുവാക്കൾ ദൃശ്യങ്ങൾ പകർത്തിയ ശേഷം ഹോട്ടൽ അധികൃതരെ വിവരം അറിയിച്ചു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ, ഇത് ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പുകളിൽ ഒന്നായ രാജവെമ്പാല ആകാമെന്ന തരത്തിലുള്ള ചർച്ചകളും നെറ്റിസൺസിനിടയിൽ ഉയർന്നു. ടോയ്‌ലറ്റിൽ പോലും സുരക്ഷിതമല്ലെന്ന ആശങ്കയും നിരവധി പേർ പങ്കുവെക്കുന്നു.






