ബംഗളൂരു: കർണാടകയിലെ കൊടകിൽ ആനകളുടെ ആക്രമണത്തിൽ യുവതി ദാരുണമായി മരിച്ചു. ദുബാരെ ആനക്കോട്ട സന്ദർശിക്കാനെത്തിയ ജ്യൂനേഷ് (33) ആണ് അപകടത്തിൽ മരിച്ചത്.
ആനകൾ കുളിക്കുന്ന ദൃശ്യം കാണുന്നതിനിടെ യുവതി അബദ്ധത്തിൽ ആനകൾക്കിടയിലേക്ക് വീഴുകയായിരുന്നു. ഇതിനിടെ കാഞ്ചൻ എന്ന ആനയും മാർത്താണ്ഡൻ എന്ന ആനയും തമ്മിൽ കൊമ്പുകോർക്കുകയും യുവതി അതിനടിയിൽപ്പെടുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ജ്യൂനേഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ആനകളെ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് അധികൃതർ അറിയിച്ചു. കൊമ്പുകോർക്കലിനിടെ മാർത്താണ്ഡൻ നിലത്തുവീണതും പിന്നീട് എഴുന്നേൽക്കുന്നതിനിടെ വീണ്ടും വീണതുമാണ് അപകടത്തിന്റെ തീവ്രത കൂട്ടിയത്.
സംഭവത്തിൽ കർണാടക വനം-പരിസ്ഥിതി മന്ത്രി ഈശ്വർ ബി. ഖന്ദ്രെ ദുഃഖം രേഖപ്പെടുത്തി. വന്യജീവികളുമായി ബന്ധപ്പെട്ട മേഖലകളിൽ കൂടുതൽ കർശനമായ സുരക്ഷാ സംവിധാനങ്ങൾ നടപ്പാക്കാൻ അദ്ദേഹം നിർദേശം നൽകി.
പരിശീലനം ലഭിച്ച ആനകളായാലും അവയുടെ പെരുമാറ്റം പൂർണമായി പ്രവചിക്കാനാകില്ലെന്ന് മന്ത്രി പറഞ്ഞു. വിനോദസഞ്ചാരികൾ ആനകളെ തൊടുന്നതും അടുത്ത് നിന്ന് ഫോട്ടോ എടുക്കുന്നതും ഭക്ഷണം നൽകുന്നതും തടയണമെന്നും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വന്യജീവികളിൽ നിന്ന് സുരക്ഷിത അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.
അടുത്തിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടാന ആക്രമണങ്ങളിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ മാസം ഛത്തീസ്ഗഡിൽ 55കാരൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. മാർച്ചിൽ ഉത്തർപ്രദേശിൽ 80കാരിയായ സ്ത്രീയും കാട്ടാന ആക്രമണത്തിൽ മരിച്ചിരുന്നു.






