മലയാള സിനിമാസ്വാദകർക്ക് പ്രിയപ്പെട്ട ‘ജോസഫ്’, ‘ശിക്കാർ’, ‘വർഗം’, ‘വാസ്തവം’ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ എം. പത്മകുമാർ ഒരുക്കുന്ന പുതിയ അന്വേഷണ ത്രില്ലർ ചിത്രം ‘ഉയിർ’ ജൂൺ 26ന് തിയേറ്ററുകളിലെത്തും. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ റോഷൻ മാത്യുവാണ് നായകൻ.
കണ്ണൂർ ജില്ലയിലെ ധർമടം പൊലീസ് സ്റ്റേഷനിൽ പ്രൊബേഷൻ കാലയളവിൽ ജോലി ചെയ്യുന്ന സബ് ഇൻസ്പെക്ടർ അജീബ് എന്ന കഥാപാത്രത്തെയാണ് റോഷൻ മാത്യു അവതരിപ്പിക്കുന്നത്. അൻഷാദ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ജീവിതവുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഗായകനും ടെലിവിഷൻ അവതാരകനുമായ നിഖിൽ കെ. മേനോനും, ‘ഇലവീഴാപൂഞ്ചിറ’യുടെ സഹരചയിതാവും പൊലീസ് ഉദ്യോഗസ്ഥനുമായ ഷാജി മാറാടും ചേർന്നാണ്.
റോഷൻ മാത്യുവിനൊപ്പം ബൈജു സന്തോഷും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിനീത് തട്ടിൽ, ദിവ്യ എം. നായർ, ഷാജു ശ്രീധർ, ലവിന ഇസ്രാനി, ശ്രീകാന്ത് മുരളി, വിനോദ് സാഗർ, അതുല്യ ചന്ദ്ര, ശ്രുതി മേനോൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
ബോളിവുഡ് താരങ്ങളായ സയാമി ഖേർ, മഹേഷ് ഷെട്ടി എന്നിവർ അതിഥി വേഷങ്ങളിലുമുണ്ട്. കൂർഗ്, തലശ്ശേരി, പാലക്കാട്, കൊച്ചി, മുംബൈ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയിട്ടുണ്ട്.
‘പൊറിഞ്ചു മറിയം ജോസ്’, ‘ഗരുഡൻ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതവും പശ്ചാത്തല സംഗീതവും മണികണ്ഠൻ അയ്യപ്പ നിർവഹിക്കുമ്പോൾ, എഡിറ്റിംഗ് രഞ്ജൻ എബ്രഹാമാണ്.
ഷിബു ചക്രവർത്തി, സന്തോഷ് വർമ്മ എന്നിവർക്കൊപ്പം മഹാകവി സുബ്രഹ്മണ്യ ഭാരതിയാരുടെ വംശപരമ്പരയിലെ നാലാം തലമുറക്കാരനായ നിരഞ്ജൻ ഭാരതിയും ഉമേഷ് പിലിക്കുഡേലുവും തമിഴ്-കന്നഡ ഗാനരചന നിർവഹിക്കുന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.
ഗായിക കെ.എസ്. ചിത്ര ‘ഉയിർ’ സിനിമയ്ക്കായി മൂന്ന് ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. പ്രൊഡക്ഷൻ ഡിസൈൻ സാബുറാം, മേക്കപ്പ് പി.വി. ശങ്കർ, വസ്ത്രാലങ്കാരം ആയിഷ ഷഫീർ സെയ്ത്, സംഘട്ടനം തവസി രാജ് എന്നിവരാണ് നിർവഹിക്കുന്നത്.






