കണ്ണൂർ: സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിന്റെ രണ്ടാം ദിവസവും നേതൃത്വത്തിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നു. നിയമസഭ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താനായി ചേർന്ന യോഗത്തിലാണ് വിവിധ വിഷയങ്ങളിൽ വിമർശനങ്ങൾ ഉണ്ടായത്. പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ വലിയ പരാജയം അന്വേഷിക്കാൻ രണ്ട് സംസ്ഥാന കമ്മിറ്റിയംഗങ്ങൾ ഉൾപ്പെടുന്ന അന്വേഷണ കമ്മിഷനെ നിയോഗിക്കാൻ തീരുമാനിച്ചു.
ഇതുവരെ പാർട്ടി യോഗങ്ങളിൽ തുറന്ന് സംസാരിക്കാൻ മടിച്ചിരുന്നവർ ഇപ്പോൾ വ്യക്തമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി വിമർശനം ഉന്നയിച്ചതോടെ പല വിഷയങ്ങളിലും അന്വേഷണം നടത്തുമെന്ന് നേതൃത്വം അറിയിച്ചു. പി.ബി. അംഗവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എന്നിവർക്കെതിരെയും യോഗത്തിൽ വിമർശനം ഉയർന്നു. മുഖ്യമന്ത്രിയായിരുന്ന സമയത്തെ പിണറായി വിജയന്റെ ഭാഷയും പ്രവർത്തനശൈലിയും ജനങ്ങളിൽ അസ്വീകാര്യത സൃഷ്ടിച്ചുവെന്നാണ് ചില അംഗങ്ങൾ അഭിപ്രായപ്പെട്ടത്.
അമിത ആത്മവിശ്വാസം കാരണം പല മണ്ഡലങ്ങളിലും വേണ്ട രീതിയിൽ പ്രവർത്തനം നടന്നില്ലെന്നും, ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കൾക്ക് ജാഗ്രതക്കുറവ് ഉണ്ടായിരുന്നുവെന്നും യോഗത്തിൽ വിമർശനം ഉണ്ടായി. കെ.കെ. ശൈലജ മത്സരിച്ച പേരാവൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാന നേതാക്കൾ എത്താതിരുന്നതും യോഗത്തിൽ ചർച്ചയായി.






