പെഷവാർ: വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ മാർക്കറ്റിലുണ്ടായ ഐഇഡി സ്ഫോടനത്തിൽ ഗോത്രത്തലവൻ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു.
ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ സൗത്ത് വസീറിസ്ഥാൻ ജില്ലയിലെ വാന പട്ടണത്തിലെ തിരക്കേറിയ പ്ലാസ മേഖലയിലാണ് സ്ഫോടനം ഉണ്ടായത്. പരിക്കേറ്റവരെ വാന ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
അഹമ്മദ്‌സായി ഗോത്രത്തലവനായ മാലിക് താരിഖാണ് മരിച്ചവരിൽ ഒരാൾ. മാലിക്കിന്റെ വാഹനം മാർക്കറ്റ് മേഖലയിലൂടെ കടന്നുപോകുന്നതിനിടെയാണ് ഗുൽഷൻ പ്ലാസയ്ക്ക് സമീപം സ്‌ഫോടനം ഉണ്ടായതെന്ന് ജില്ലാ പൊലീസ് ഓഫീസർ മുഹമ്മദ് താഹിർ ഷാ വസീർ വ്യക്തമാക്കി.
ശക്തമായ സ്ഫോടനത്തിൽ താരിഖ് ഉൾപ്പെടെ മൂന്ന് പേർ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെടുകയായിരുന്നു. സ്ഫോടനത്തെ തുടർന്ന് മാർക്കറ്റ് പ്രദേശത്ത് വ്യാപക പരിഭ്രാന്തി പടർന്നു. പിന്നാലെ കടകളും വ്യാപാര സ്ഥാപനങ്ങളും അടച്ചുപൂട്ടി.
സംഭവത്തെ പ്രദേശവാസികളും പ്രാദേശിക നേതാക്കളും ശക്തമായി അപലപിച്ചു. സംസ്ഥാനത്തിന്റെ സുരക്ഷാ നയങ്ങൾ പുനഃപരിശോധിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
അതേസമയം, ബജൗർ ജില്ലയിൽ ഒരു വീടിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് പരിക്കേറ്റു. ഇവരെ ഖറിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ, 2022 നവംബറിൽ വെടിനിർത്തൽ കരാർ അവസാനിച്ചതിന് ശേഷം നിരോധിത ഭീകരസംഘടനയായ തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ രാജ്യത്ത് തുടർച്ചയായി ആക്രമണങ്ങൾ നടത്തുന്നതായി പാകിസ്ഥാൻ സർക്കാർ ആരോപിക്കുന്നു.
അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലാണ് ഇത്തരം ആക്രമണങ്ങൾ കൂടുതലായും നടക്കുന്നതെന്നും സർക്കാർ വ്യക്തമാക്കി.






