ദുബായ്: യുഎഇയിലെ സ്വകാര്യമേഖലാ ജീവനക്കാരുടെ ശമ്പള വിതരണം ഏകീകരിച്ച് തൊഴിൽ മന്ത്രാലയം പുതിയ നിർദ്ദേശം പുറപ്പെടുവിച്ചു. പുതിയ തീരുമാനം പ്രകാരം സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് ഇനിമുതൽ ഓരോ മാസവും ഒന്നാം തീയതിയോടെ ശമ്പളം ലഭിക്കണം. ജൂൺ 1 മുതൽ ഈ സംവിധാനം രാജ്യത്ത് കർശനമായി നടപ്പിലാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. തൊഴിലാളികൾക്ക് കൃത്യസമയത്ത് വേതനം ലഭ്യമാക്കുക എന്നതാണ് പരിഷ്കരണത്തിന്റെ ലക്ഷ്യം.
വേതന സംരക്ഷണ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും ഈ നിയമം ബാധകമായിരിക്കും. പുതിയ നിർദ്ദേശപ്രകാരം, ഓരോ മാസത്തെയും ജോലിക്ക് പകരമുള്ള ശമ്പളം അടുത്ത മാസത്തിന്റെ ഒന്നാം തീയതിയ്ക്ക് മുമ്പ് തന്നെ ജീവനക്കാരുടെ അക്കൗണ്ടിൽ എത്തിക്കണം. ഡബ്ല്യുപിഎസ് സംവിധാനത്തിലൂടെയോ മന്ത്രാലയം അംഗീകരിച്ച മറ്റ് ഔദ്യോഗിക മാർഗങ്ങളിലൂടെയോ മാത്രമേ ശമ്പളം നൽകാൻ പാടുള്ളൂ. ശമ്പളം നൽകിയതിന്റെ രേഖകളും സ്ഥാപനങ്ങൾ മന്ത്രാലയത്തിന് സമർപ്പിക്കണം.
ഒന്നാം തീയതിക്ക് ശേഷമുള്ള ശമ്പള വിതരണം വൈകിയ വേതനമായി കണക്കാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. നിയമം ലംഘിച്ച് ശമ്പളം വൈകിപ്പിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ശമ്പളം വൈകുന്ന സാഹചര്യത്തിൽ ആദ്യ ഘട്ടത്തിൽ തന്നെ പരിശോധനാ സംഘങ്ങൾ സ്ഥാപനങ്ങളിൽ പരിശോധന നടത്തും. അഞ്ച് ദിവസത്തിലധികം വൈകിയാൽ പുതിയ തൊഴിൽ അനുമതികൾ തടയപ്പെടും. പതിനൊന്നാം ദിവസവും ശമ്പളം ലഭിക്കാത്ത സ്ഥാപനങ്ങൾക്ക് പിഴ ഉൾപ്പെടെയുള്ള നിയമനടപടികൾ നേരിടേണ്ടിവരുമെന്നും മന്ത്രാലയം അറിയിച്ചു.






