ഇസ്ലാമാബാദ്: വിഭജനത്തിന് മുൻപ് ഉണ്ടായിരുന്ന ഇന്ത്യൻ പേരുകൾ പ്രദേശങ്ങൾക്ക് പുനഃസ്ഥാപിക്കാൻ പാകിസ്താനിലെ പഞ്ചാബ് സർക്കാർ പദ്ധതി തയ്യാറാക്കുന്നു. ലാഹോറിലെ വിവിധ തെരുവുകൾ, ഇടനാഴികൾ, റോഡുകൾ എന്നിവയുടെ പഴയ പേരുകളാണ് വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരുന്നത്.
ലാഹോറിലെ ചരിത്രപ്രസിദ്ധമായ പല സ്ഥലങ്ങളും ബ്രിട്ടീഷ് കാലഘട്ടത്തിലും ഇന്ത്യൻ സംസ്കാരത്തോടും ബന്ധപ്പെട്ട പേരുകളിലായിരുന്നു അറിയപ്പെട്ടിരുന്നത്. പിന്നീട് ഇവ ഇസ്ലാമിക്, പ്രാദേശിക വ്യക്തികളുടെ പേരുകളിൽ പുനർനാമകരണം ചെയ്തിരുന്നു. ഈ മാറ്റങ്ങളാണ് ഇപ്പോൾ പഴയ നിലയിലേക്ക് തിരികെ കൊണ്ടുവരുന്നത്.
പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതിന് അംഗീകാരം നൽകിയതെന്ന് പഞ്ചാബ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
പുതിയ തീരുമാനപ്രകാരം നിലവിൽ ‘ഇസ്ലാംപുര’ എന്ന് അറിയപ്പെടുന്ന പ്രദേശം ‘കൃഷൻ നഗർ’ എന്ന പേരിലേക്ക് മാറും. ‘മുസ്തഫാബാദ്’ എന്നത് ‘ധരംപുര’ ആയും, ‘ബാബരി മസ്ജിദ് ചൗക്ക്’ ‘ജെയ്ൻ മന്ദിർ ചൗക്ക്’ ആയും, ‘സുന്നത്ത് നഗർ’ ‘സാന്റ് നഗർ’ ആയും മാറ്റുമെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ രണ്ട് മാസത്തിനിടെ ലാഹോറിലെ പല സ്ഥലങ്ങളിലും പഴയ പേരുകൾ ഉൾപ്പെടുത്തിയ ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതുവരെ ഒമ്പത് പ്രദേശങ്ങൾക്ക് ഔദ്യോഗികമായി പുതിയ പേര് അംഗീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.






