കൊച്ചി: സീസണിലെ അവസാന ഹോം മാച്ചിൽ കേരള ബ്ലാസ്റ്റേഴ്സിന് മിന്നും ജയം. തുടർതോൽവികളുടെ ചാരത്തിൽനിന്ന് ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റ മഞ്ഞപ്പടയുടെ മുന്നിൽ കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഗോവയും തോൽവി ഏറ്റുവാങ്ങി. ആവേശപ്പോരിൽ എഫ്.സി. ഗോവയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് ജയിച്ചു കയറിയത്.
മത്സരത്തിൻ്റെ രണ്ടാം പകുതിയിൽ 47ാം മിനിറ്റിൽ കെവിൻ യൂക്കിന്റെ അതിമനോഹര ഗോളോടെ സ്റ്റേഡിയം ഉണർന്നു. പിന്നാലെ 61ാം മിനിറ്റിൽ ഗോവയുടെ മറുപടി ഗോളുമെത്തി.കോഴിക്കോട്ടുകാരനായ മലയാളിതാരം മുഹമ്മദ് നെമിലാണ് ഗോവയുടെ ഗോളടിച്ചത്. എന്നാൽ 80ാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ലീഡുയർത്തി. ഫ്രാഞ്ചോ എടുത്ത മനോഹരമായ കോർണർ കിക്ക് നേരെ വലയിലേക്ക്. ആവനാഴിയിലെ വിദേശായുധങ്ങളെല്ലാം കളത്തിൽ വിന്യസിച്ചായിരുന്നു ഇംഗ്ലീഷുകാരനായ കോച്ച് ആഷ്ലി വെസ്റ്റ്വുഡിന്റെ പടവിന്യാസം. ആദ്യ ഏഴുകളിയിൽനിന്ന് ഒരു പോയിന്റുമാത്രം നേടിയ ബ്ലാസ്റ്റേഴ്സ് അവസാന ആറുകളിയിൽ നേടിയത് 16 പോയിന്റാണ്.






