കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ വകുപ്പ് മുസ്‌ലിം ലീഗ് നിലിനിർത്തണമെന്ന ആവശ്യവുമായി നേതൃത്വത്തെ സമീപിച്ചിരിക്കുകയാണ് ലീഗ് അനുകൂല അധ്യാപകരും ഗവേഷകരും. ഉന്നത വിദ്യാഭ്യാസ വകുപ്പ് വിട്ട് കൊടുത്ത് ഫിഷറീസ് വകുപ്പ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ലീഗ് അനുകൂല അധ്യാപകരും ഗവേഷകരും ഇത്തരത്തിലൊരു ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്. 79 പേർ ചേർന്ന് സംയുക്ത പ്രസ്തതാവനയും പുറത്തിറക്കിയിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ ചുമതല നിർബന്ധമായും മുസ്‌ലിം ലീഗ് ഏറ്റെടുക്കണമെന്നാണ് സംയുക്ത പ്രസ്താവനയിൽ ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയിൽ മലബാറിനോട് തുടരുന്ന വിവേചനവും അസന്തുലിതാവസ്ഥയും ശാശ്വതമായി പരിഹരിക്കാൻ ലീഗ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തേ മതിയാകൂ എന്നാണ് സംയുക്ത പ്രസ്താവന വ്യക്തമാക്കുന്നത്. ഇടതുപക്ഷ സർക്കാരിൻ്റെ കാലത്താണ് ഈ വിവേചനം രൂക്ഷമായതെന്നും കുറ്റപ്പെടുത്തലുണ്ട്.






