തിരുവനന്തപുരം: സൈബർ അധിക്ഷേപങ്ങളും പരിഹാസങ്ങളും താൻ മൈൻഡ് ചെയ്യാറില്ലെന്നും അസത്യത്തിന് അധികകാലം നിലനിൽക്കാനാവില്ലെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. പല ഘട്ടങ്ങളിലും ഇത്തരം അധിക്ഷേപങ്ങൾ നേരിട്ടിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. ചെറിയനാളുകളിൽ കുടുംബം വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നുവെന്നും അച്ഛൻ ചായക്കട നടത്തിയാണ് കുടുംബം മുന്നോട്ട് കൊണ്ടുപോയതെന്നും മന്ത്രി പറഞ്ഞു. പിന്നീട് പഠനകാലത്ത് താനും ചായക്കടയിൽ ജോലി ചെയ്തിരുന്നുവെന്നും അവർ ഓർമ്മിച്ചു.
തെരഞ്ഞെടുപ്പുകളിൽ മൂന്ന് തവണ പരാജയം നേരിട്ടിരുന്നുവെന്നും—2011 നിയമസഭ, 2014 ലോക്‌സഭ, 2021 നിയമസഭ—എന്നിവയിൽ ലഭിച്ച തോൽവികൾക്കുശേഷം വലിയ പരിഹാസങ്ങളും വിമർശനങ്ങളും ഉണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു. അതാണ് വിജയിക്കാനുള്ള കൂടുതൽ പ്രചോദനമായതെന്നും അവർ കൂട്ടിച്ചേർത്തു.
ഇത്തവണത്തെ വിജയം കഠിനാധ്വാനത്തിന്റെ ഫലമാണെന്നും ജനങ്ങളോടും കോൺഗ്രസ് നേതൃത്വത്തോടും നന്ദി അറിയിക്കുന്നതായും മന്ത്രി വ്യക്തമാക്കി. ഏത് വകുപ്പ് ലഭിച്ചാലും ജനങ്ങൾക്ക് വേണ്ടി മികച്ച രീതിയിൽ പ്രവർത്തിക്കാനാണ് ശ്രമമെന്നും അവർ പറഞ്ഞു.






