ചെന്നൈ: വിജയ് നയിക്കുന്ന ടിവികെ ഭരണത്തിലേക്ക് എത്തിയതോടെ തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ ഉണ്ടായി. സംസ്ഥാനത്ത് ഏത് സമയത്തും ഇടക്കാല തെരഞ്ഞെടുപ്പ് വരാമെന്ന മുന്നറിയിപ്പുമായി ഡിഎംകെ നേതൃത്വവും രംഗത്തെത്തി. മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിൽ സംസാരിക്കുമ്പോഴാണ് പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകിയത്. ടിവികെ നേതൃത്വത്തിലുള്ള സർക്കാർ ഏതുനിമിഷവും വീഴാമെന്നും അതിനാൽ തെരഞ്ഞെടുപ്പിന് തയ്യാറാകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
234 അംഗ നിയമസഭയിൽ 118 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്. ടിവികെ 107 സീറ്റുകൾ നേടിയതായും കോൺഗ്രസും മറ്റ് സഖ്യകക്ഷികളും പിന്തുണ നൽകുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. കൂടാതെ അണ്ണാ ഡിഎംകെ വിമത എംഎൽഎമാരുടെ പിന്തുണയും സർക്കാരിന് ഉണ്ടെന്നാണ് വിവരം. എന്നാൽ ഈ പിന്തുണ പിന്‍വലിക്കപ്പെടുകയോ നിയമപരമായ പ്രശ്നങ്ങൾ ഉണ്ടാകുകയോ ചെയ്താൽ സർക്കാർ പ്രതിസന്ധിയിലാകുമെന്നാണ് ഡിഎംകെ വിലയിരുത്തൽ.
പരാജയം താൽക്കാലികമാണെന്നും ഡിഎംകെ ശക്തമായി തിരിച്ചുവരുമെന്നും. 2029 ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം തമിഴ്‌നാട്ടിൽ വീണ്ടും വലിയ രാഷ്ട്രീയ മാറ്റങ്ങൾ ഉണ്ടാകാമെന്നും അദ്ദേഹം സൂചിപ്പിച്ചു. “ഉദയസൂര്യൻ ഒരിക്കലും അസ്തമിക്കില്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. സ്വന്തം മണ്ഡലത്തിലെ തോൽവിക്ക് ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നതായും അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിൽ ടിവികെ കൂടുതൽ മുന്നിലാണെന്ന് അംഗീകരിച്ച സ്റ്റാലിൻ, പാർട്ടിയുടെ ഡിജിറ്റൽ സാന്നിധ്യം ശക്തമാക്കാൻ പ്രവർത്തകരോട് ആവശ്യപ്പെട്ടു. അതേസമയം, ടിവികെ കേന്ദ്രങ്ങൾ സർക്കാർ സ്ഥിരതയോടെ മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കുന്നു.






